റഷ്യക്ക് കായിക വിലക്ക്; ഒളിമ്പിക്‌സും ലോകകപ്പ് ഫുട്‌ബോളും നഷ്ടമാകും; കനത്ത തിരിച്ചടി

വിലക്ക് റഷ്യയുടെ കായിക മുന്നേറ്റത്തിന് കനത്ത തിരിച്ചടിയായി മാറും
റഷ്യക്ക് കായിക വിലക്ക്; ഒളിമ്പിക്‌സും ലോകകപ്പ് ഫുട്‌ബോളും നഷ്ടമാകും; കനത്ത തിരിച്ചടി

മോസ്‌ക്കോ: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് റഷ്യക്ക് വിലക്ക്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിലക്കേര്‍പ്പെടുത്തിയത്. എല്ലാ കായിക മത്സരങ്ങളില്‍ നിന്നുമായി നാല് വര്‍ഷത്തേക്കാണ് വിലക്ക്. വിലക്ക് റഷ്യയുടെ കായിക മുന്നേറ്റത്തിന് കനത്ത തിരിച്ചടിയായി മാറും. അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിലും 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലും റഷ്യക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.

രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി പ്രത്യേകം യോഗം ചേര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമനം കൈക്കൊണ്ടത്. വിലക്കുള്ള നാല് വര്‍ഷം റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയില്ല.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ)യുടെ അന്വേഷണ സംഘത്തിന് തെറ്റായ ഉത്തേജക പരിശോധനാ ഫലങ്ങളാണ് റഷ്യ നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് ചേര്‍ന്ന യോഗം ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കടുത്ത നടപടിയിലേക്ക് കടന്നത്.  

കഴിഞ്ഞ ജനുവരിയില്‍ മോസ്‌ക്കോയിലെ ലബോറട്ടറിയില്‍ നടത്തിയ താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ കൃത്രിമത്വമുണ്ടെന്നും വാഡയ്ക്ക് കൈമാറിയത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റഷ്യയോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതുകൂടെ വിലയിരുത്തിയ ശേഷമാണ് വിലക്കാനുള്ള തീരുമാനം എടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com