വെല്ലിങ്ടണിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ; 18 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടം

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
വെല്ലിങ്ടണിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ; 18 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടം


വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 10 ഓവറില്‍ 18 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, എംഎസ് ധോണി എന്നിവരാണ് പുറത്തായത്. 

ഇന്ത്യന്‍ സ്‌കോര്‍ എട്ടുറണ്‍സില്‍ നില്‍ക്കെ, അഞ്ചാം ഓവറില്‍ രണ്ടു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ പുറത്താക്കി  മാറ്റ് ഹെന്റിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ആറു റണ്‍സെടുത്ത ധവാനെ പുറത്താക്കി ബോള്‍ട്ട് അടുത്ത പ്രഹരം ഏല്‍പ്പിച്ചു. 

ഇന്ത്യക്കായി രണ്ടാമത്തെ മല്‍സരം കളിക്കുന്ന യുവതാരം ശുഭ്മാന്‍ ഗില്ലായിരുന്നു അടുത്ത ഇര. ഒരു ബൗണ്ടറി അടക്കം 11 പന്തില്‍ ഏഴ് റണ്‍സടിച്ച ഗില്ലിനെ ഹെന്റി തിരിച്ചയച്ചു. സാന്റ്‌നര്‍ ക്യാച്ചെടുത്തു. 

17 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ, പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ മുന്‍ നായകന്‍ എംഎസ് ധോണിയിലായിരുന്നു. എന്നാല്‍ ഒരു റണ്‍സെടുത്ത ധോണിയുടെ വിക്കറ്റ് തകര്‍ത്ത് ബോള്‍ട്ട് ഇന്ത്യയ്ക്ക് വീണ്ടും പ്രഹരം ഏല്‍പ്പിച്ചു. 

ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഹാമില്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് കീവിസ് തിരിച്ചടിച്ചിരുന്നു.. ഹാമില്‍ട്ടണില്‍ 92 റണ്‍സ് എന്ന  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ ഏകദിന സ്‌കോറിനാണ് ഇന്ത്യ പുറത്തായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com