പാക് നായകനെ ഒത്തുകളിക്ക് സമീപിച്ചു; ക്രിക്കറ്റ് പരിശീലകന് പത്ത് വർഷത്തെ വിലക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകൻ സര്‍ഫറാസ് അഹമ്മദിനെ ഒത്തുകളിക്ക് സമീപിച്ച കുറ്റത്തിന് പരിശീലകന് പത്ത് വർഷത്തെ വിലക്കേർപ്പെടുത്തി ഐസിസി
പാക് നായകനെ ഒത്തുകളിക്ക് സമീപിച്ചു; ക്രിക്കറ്റ് പരിശീലകന് പത്ത് വർഷത്തെ വിലക്ക്

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകൻ സര്‍ഫറാസ് അഹമ്മദിനെ ഒത്തുകളിക്ക് സമീപിച്ച കുറ്റത്തിന് പരിശീലകന് പത്ത് വർഷത്തെ വിലക്കേർപ്പെടുത്തി ഐസിസി. യുഎഇയിലെ വിവിധ പ്രൊഫഷണല്‍ ക്ലബുകളെ പരിശീലിപ്പിക്കുന്ന ഇര്‍ഫാന്‍ അന്‍സാരിയെന്ന കോച്ചിനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്കേർപ്പെടുത്തിയത്. 

പരിശീലകനെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഇര്‍ഫാന്‍ അന്‍സാരി വാതുവെയ്പ്പുകാരുടെ ഇടനിലക്കാരന്‍ കൂടിയായിരുന്നു. ഷാര്‍ജ ക്രിക്കറ്റ് കൗണ്‍സിലില്‍ 30 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ഷാര്‍ജ ക്രിക്കറ്റ് ക്ലബ്ബിന്റെ കോച്ചായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

2017ല്‍ ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ യുഎഇയില്‍ നടന്ന പരമ്പരയ്ക്കിടെയാണ് ഇര്‍ഫാന്‍ അന്‍സാരി പാക് ക്യാപ്റ്റനെ ഒത്തുകളിക്കായി സമീപിക്കുന്നത്. ഒത്തുകളിക്ക് ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പരാതിപ്പെടണമെന്ന ഐസിസി അഴിമതിവിരുദ്ധ ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ച് സര്‍ഫറാസ്, അന്‍സാരിക്കെതിരേ പരാതിപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അന്‍സാരി കുറ്റക്കാരനാണെന്ന് ഐസിസി അഴിമതിവിരുദ്ധ ട്രിബ്യൂണല്‍ കണ്ടെത്തിയത്. തുടര്‍ന്ന് 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അന്‍സാരിയെ വിലക്കിക്കൊണ്ടാണ് ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com