ചേതോഹരം പൂജാര, പന്ത്; സിഡ‍്നിയിൽ ഇന്ത്യ തീർത്ത റൺമല കയറാനൊരുങ്ങി ഓസ്ട്രേലിയ

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സെന്ന നിലയിലാണ് ഓസീസ്
ചേതോഹരം പൂജാര, പന്ത്; സിഡ‍്നിയിൽ ഇന്ത്യ തീർത്ത റൺമല കയറാനൊരുങ്ങി ഓസ്ട്രേലിയ

സിഡ്നി: റൺ മലയൊരുക്കി ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ കരുത്തുകാട്ടിയപ്പോൾ മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സെന്ന നിലയിലാണ് ഓസീസ്.

ഏഴ് വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. 159 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഋഷഭ് പന്തും വന്‍മതില്‍ കെട്ടിപ്പൊക്കിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് പന്ത് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം പന്ത് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ താരം ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. പന്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ആദ്യ സെഞ്ച്വറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും പന്ത് സ്വന്തം പേരില്‍ കുറിച്ചു

അർഹിച്ച ഇരട്ട ശതകത്തിന് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനുട്ടും ക്രീസില്‍ ചെലവഴിച്ചായിരുന്നു പൂജാരയുടെ ചേതോഹരമായ ഇന്നിങ്‌സ്. 

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തില്‍ 42 റണ്‍സടിച്ച വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്. നേരത്തെ ഇന്ത്യക്കായി മായങ്ക് അ​ഗർവാൾ 77 റൺസെടുത്തിരുന്നു. രാഹുൽ (ഒൻപത്), വിരാട് കോഹ്‌ലി (23), രഹാനെ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 

ഓസീസിനായി നതാൻ ലിയോൺ നാലും ഹാസ്‌ലെവുഡ്‌ രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റുമെടുത്തു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 19 റൺസുമായി മാർക്കസ് ഹാരിസും ഓപണറായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഉസ്മാൻ ഖവാജ അഞ്ച് റൺസുമായും ക്രീസിൽ നിൽക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com