ജനുവരി 15 കോഹ് ലി ഡേയാണ്, മൂന്ന് വര്‍ഷവും അത് സംഭവിച്ചു

വില്യംസനും, സ്റ്റീവ് സ്മിത്തും, ജോ റൂട്ടും ഏകദിനത്തില്‍ ഒരുമിച്ച് നേടിയതിനേക്കാള്‍ കൂടുതല്‍ സെഞ്ചുറി ഇപ്പോള്‍ കോഹ് ലിയുടെ പേരിലുണ്ട്
ജനുവരി 15 കോഹ് ലി ഡേയാണ്, മൂന്ന് വര്‍ഷവും അത് സംഭവിച്ചു

അഡ്‌ലെയ്ഡില്‍ സെഞ്ചുറിയുമായി ഇന്ത്യയെ നായകന്‍ ജയത്തിലേക്ക് നയിച്ചു. ഇതോടെ ഒരു ഓസീസ് പര്യടനത്തില്‍ ട്വന്റി20, ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ അവസരം നല്‍കാത്ത ആദ്യ ഇന്ത്യന്‍ സംഘം എന്ന നേട്ടമാണ് കോഹ് ലിക്കും സംഘത്തിനും മുന്നില്‍ വന്ന് നില്‍ക്കുന്നത്. ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിക്കുമ്പോള്‍ വ്യക്തിഗത മികവ് കൊണ്ടും ഞെട്ടിക്കുകയാണ് കോഹ് ലി. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജനുവരി 15നും കോഹ് ലി സെഞ്ചുറി നേടിയിട്ടുണ്ട് എന്നതാണ് കൗതുകരമായ കാര്യം. വര്‍ഷത്തിലെ കോഹ് ലിയുടെ ആദ്യ സെഞ്ചുറിയുമായിരുന്നു ആ മൂന്നും. 2017ല്‍ പുനെയില്‍ ഇംഗ്ലണ്ടിനെതിരെ 350 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോഴായിരുന്നു ജനുവരി 15ലെ ആ സെഞ്ചുറി. 122 റണ്‍സ് സ്‌കോര്‍ ചെയ്ത് കോഹ് ലി ഇന്ത്യയെ ജയത്തിലേക്കെത്തിച്ചു. 

2018ല്‍ ടെസ്റ്റിലായിരുന്നു ജനുവരി 15ലെ സെഞ്ചുറി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറിയനില്‍ രണ്ടാം ടെസ്റ്റിലായിരുന്നു അത്. 2019 ജനുവരി 15നും കോഹ് ലി സെഞ്ചുറിയിലേക്ക് തന്നെയെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു കൊണ്ട്. അഡ്‌ലെയ്ഡിലെ കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയായിരുന്നു അത്. കെയ്ന്‍ വില്യംസനും, സ്റ്റീവ് സ്മിത്തും, ജോ റൂട്ടും ഏകദിനത്തില്‍ ഒരുമിച്ച് നേടിയതിനേക്കാള്‍ കൂടുതല്‍ സെഞ്ചുറി ഇപ്പോള്‍ കോഹ് ലിയുടെ പേരിലുണ്ട്. 

റണ്‍ ചെയ്‌സിനിടെയുള്ള തന്റെ 24ാമത്തെ സെഞ്ചുറിയാണ് അഡ്‌ലെയ്ഡില്‍ കോഹ് ലി കുറിച്ചത്. ഈ നേട്ടത്തില്‍ 17 സെഞ്ചുറി നേടിയ സച്ചിനേക്കാളും, 11 സെഞ്ചുറി നേടിയ ഗെയ്‌ലിനേക്കാളുമെല്ലാം വളരെ ദൂരം മുന്നിലാണ് കോഹ് ലി. ഏകദിനത്തില്‍ 39 സെഞ്ചുറികളുടെ അകമ്പടിയോടെ 10339 റണ്‍സ് വാരിക്കൂട്ടിയാണ് കോഹ് ലിയുടെ  നില്‍പ്പ്. 183 എന്ന ഉയര്‍ന്ന സ്‌കോറില്‍ 59.76 ആണ് കോഹ് ലിയുടെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com