പെണ്‍പുലി ചെയ്‌സിങ്ങിലെ രാജാക്കന്മാരെ മറികടന്നു, ധോനിയേയും കോഹ് ലിയേയും പിന്നിലാക്കി മിതാലി രാജ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2019 10:32 AM  |  

Last Updated: 30th January 2019 10:32 AM  |   A+A-   |  

mithali5f

ന്യുസിലാന്‍ഡിനെതിരെ കോഹ് ലിയും സംഘവും ഏകദിന പരമ്പര പിടിച്ചപ്പോള്‍ കട്ടയ്ക്ക് ഒപ്പം ഇന്ത്യന്‍ വനിതകളും നിന്നു. പുരുഷ ടീം ആദ്യ മൂന്ന് കളികളിലും ജയം പിടിച്ചപ്പോള്‍, വനിതകള്‍ ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കി. പരമ്പര നേട്ടത്തിനൊപ്പം ധോനിയേയും കോഹ് ലിയേയും പിന്നിലാക്കിയിട്ടുണ്ട് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. 

ചെയ്‌സിങ്ങിലെ മികവിലാണ് ധോനിയേയും കോഹ് ലിയേയും മിതാലി പിന്നിലേക്ക് മാറ്റി നിര്‍ത്തുന്നത്. ചെയ്‌സിങ്ങിലെ ബാറ്റിങ് ശരാശരിയിലാണ് മിതാലി ഇരുവരേയും പിന്നിലേക്ക് മാറ്റുന്നത്. ചെയ്‌സിങ്ങിന് ഇറങ്ങിയ 48 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും 111.29 എന്നതാണ് മിതാലിയുടെ ബാറ്റിങ് ശരാശരി. 103 എന്ന ഉയര്‍ന്ന സ്‌കോറില്‍ നേടിയിരിക്കുന്നത് 1892 റണ്‍സും. 

ധോനി ഇന്ത്യയ്ക്കായി ചെയ്‌സിങ്ങിന് ഇറങ്ങിയ 73 ഇന്നിങ്‌സില്‍ നിന്നും നേടിയത് 103.07 ശരാശരിയില്‍ 2783 റണ്‍സാണ്. കോഹ് ലി 80 ഇന്നിങ്‌സില്‍ നിന്നും 96.23 ബാറ്റിങ് ശരാശരിയില്‍ നേടിയത് 5004 റണ്‍സും. ചെയ്‌സിങ്ങില്‍ കോഹ് ലിയുടേയും ധോനിയുടേയും ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സാണ്. എന്നാല്‍ തന്റെ അത്രയും ഇന്നിങ്‌സുകളില്‍ നിന്നും 21 സെഞ്ചുറിയും കോഹ് ലി നേടി. ധോനിയും മിതാലിയും നേടിയതാവട്ടെ രണ്ട് സെഞ്ചുറി വീതവും.