ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ കീവീസ് വീഴ്ത്തിയേക്കും, കാരണങ്ങള്‍ ഇവയാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 05:48 PM  |  

Last Updated: 31st January 2019 05:48 PM  |   A+A-   |  

gillds

ന്യൂസിലാന്‍ഡില്‍ വലിയ വെല്ലുവിളി തന്നെ ഇന്ത്യയ്ക്ക് നേരിടേണ്ടി വരും എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. പക്ഷേ വളരെ എളുപ്പം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. കളി കൈവിട്ട് പോയത് നാലാം ഏകദിനത്തില്‍ മാത്രം. പക്ഷേ ആ നാലാം ഏകദിനം ചില സൂചനകളും നല്‍കുന്നുണ്ട്. കീവീസിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക് കഠിനമായിരിക്കുമെന്ന്. അതിനുള്ള കാരണങ്ങള്‍ ഇവയാണ്. 

കോഹ് ലിയുടെ അഭാവം

ട്വന്റി20യില്‍ കോഹ് ലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ക്യാപ്റ്റന്‍സി മാറ്റി നിര്‍ത്തിയാല്‍, ബാറ്റ്‌സ്മാനായി കോഹ് ലിയുള്ള ഇന്ത്യന്‍ ടീമും കോഹ് ലി ഇല്ലാത്ത ഇന്ത്യന്‍ ടീമും തമ്മില്‍ വ്യത്യാസമുണ്ട്. വിരാട് കോഹ് ലിയുടെ അഭാവത്തിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ഭല്യം ഹാമില്‍ട്ടണില്‍ കണ്ടു കഴിഞ്ഞു. കോഹ് ലിയുടെ ചെയ്‌സിങ് മികവ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് നഷ്ടമാകും. 

മധ്യനിരയിലെ പ്രശ്‌നങ്ങള്‍

ട്വന്റി20യിലെ മധ്യനിരയിലെ തലവേദന ഇന്ത്യയ്ക്ക് പ്രശ്‌നമാണ്. ട്വന്റി20യില്‍ മധ്യനിരയില്‍ നിരവധി ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ പരീക്ഷിച്ചുവെങ്കിലും ഇതുവരെ പോസിറ്റീവ് റിസല്‍ട്ട് നല്‍കിയിട്ടില്ല. ധോനി, പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തി, ശുബ്മന്‍ ഗില്‍ എന്നിവര്‍ മധ്യനിരയിലുണ്ട്. എന്നാല്‍ ഇവരില്‍ ധോനിയും പന്തും മാത്രമാണ് ട്വന്റി20യില്‍ മികച്ച കളി പുറത്തെടുത്തത്. ജാദവും, ദിനേശ് കാര്‍ത്തിക്കും ഈ ഫോര്‍മാറ്റില്‍ സ്ഥിരത കാട്ടിയിട്ടില്ല. ഗില്‍ ആണെങ്കില്‍ അരങ്ങേറ്റക്കാരനും. 

പുതു രക്തങ്ങള്‍

പുതിയ കളിക്കാരെ ഇറക്കിയാണ് കീവീസ് ഇന്ത്യക്കെതിരെ ട്വന്റി20 പരമ്പരയ്ക്കിറങ്ങുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് കീവീസ് വിക്കറ്റ് കീപ്പര്‍ തിം സീഫെര്‍ട്ട് ഇന്ത്യക്കെതിരെ കളിക്കുന്നത്. ഓള്‍ റൗണ്ടര്‍ സ്‌കോട്ട് കഗെലെയ്ജിന്‍ ഇതുവരെ കളിച്ചത് ഒരു ട്വന്റി20 മാത്രം. ബ്ലെയര്‍ തിക്‌നര്‍, ഡാര്‍യില്‍ മിച്ചല്‍ എന്നിവര്‍ക്ക് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുന്നതും ആദ്യം. 

ഇവര്‍ ആരും ഏകദിനവും കളിച്ചിരുന്നില്ല. ഇതോടെ ഇന്ത്യയ്ക്ക് ഇതുവരെ പരിചിതമല്ലാത്ത കളിക്കാര്‍ വരുമ്പോള്‍ അവരെ നേരിടുന്നതിനുള്ള തന്ത്രം മെനയാല്‍ രോഹിത്തിനും സംഘത്തിനുമാവില്ല. 

ഭുവിയും ഷമിയുമില്ലാത്ത ബൗളിങ് നിര

ഭുവനേശ്വര്‍ കുമാറിന്റെ ചുമലിലായിരിക്കും ബൗളിങ്ങിന്റെ ഉത്തരവാദിത്വം. ഭുവിയും ഷമിയും പരമ്പരയില്‍ ഇല്ല. ഏകദിനത്തില്‍ കീവീസിന് ഭീഷണി തീര്‍ക്കാന്‍ ഷമിക്കായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇവര്‍ക്ക പകരം ഷര്‍ദുല്‍ കൗള്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹ്മദ് എന്നിവരാണ് ട്വന്റി20 കളിക്കുന്നത്. ഇതോടെ ഭുവിയുടെ ചുമലിലേക്ക് കൂടുതല്‍  ഉത്തരവാദിത്വം വന്നുചേരുമെന്ന് ഉറപ്പ്.
 

കീവീസ് നിരയിലെ മാച്ച് വിന്നേഴ്‌സ് 

ട്വന്റി20 ഫോര്‍മാറ്റിന് യോജിച്ച മാച്ച് വിന്നേഴ്‌സാല്‍ നിറഞ്ഞതാണ് കീവീസ് നിര. മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്തില്‍, ഗ്രാന്‍ഡ്‌ഹോം, സാന്‍ത്‌നര്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ ഏകദിനത്തിലേതിനേക്കാള്‍ ട്വന്റി20യുടെ ബാറ്റിങ് ശൈലിയില്‍ മികവ് കാണിക്കുന്നവരാണ്. ന്യൂസിലാന്‍ഡിലെ ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ഇവര്‍ക്ക് പോസിറ്റീവാകുന്നു.