ഈ ക്ഷേത്രത്തിലെ ദൈവം ബാറ്റ്‌സ്മാനും ബൗളറും വിക്കറ്റ് കീപ്പറുമാണ്; പ്രാര്‍ഥനയ്ക്ക് ക്രിക്കറ്റ് ഭജന്‍സും

വ്യത്യസ്തനായൊരു ക്രിക്കറ്റ് ആരാധകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്
ഈ ക്ഷേത്രത്തിലെ ദൈവം ബാറ്റ്‌സ്മാനും ബൗളറും വിക്കറ്റ് കീപ്പറുമാണ്; പ്രാര്‍ഥനയ്ക്ക് ക്രിക്കറ്റ് ഭജന്‍സും

ചെന്നൈ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ത്യ കിരീടം നേടണമെന്ന പ്രാര്‍ഥനയിലാണ് അരാധകര്‍. 

അതിനിടെ വ്യത്യസ്തനായൊരു ക്രിക്കറ്റ് ആരാധകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലുള്ള കെആര്‍ രാമകൃഷ്ണനെന്ന ആരാധകന്‍ ഇന്ത്യയുടെ കിരീട വിജയത്തിനായി ഒരു ക്ഷേത്രം തന്നെയാണ് പണിതത്. ''ക്രിക്കറ്റ് ഗണേശ ക്ഷേത്രം'' എന്നാണ് പേര്. ബാറ്റ് ചെയ്യുന്ന ഗണപതി, പന്തെറിയുന്ന ഗണപതി, വിക്കറ്റ് കീപ്പറായ ഗണപതി തുടങ്ങി ഗണപതിയുടെ വിവിധ ക്രിക്കറ്റ് ഭാവങ്ങളാണ് അമ്പലത്തില്‍ ആരാധനയ്ക്ക് വച്ചിരിക്കുന്നത്. 

താനൊരു ഗണപതി ഭക്തനാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. താന്‍ താമസിക്കുന്ന കിഴക്കന്‍ അണ്ണ നഗറില്‍ ഒരു ഗണപതി ക്ഷേത്രമില്ല. അങ്ങനെയാണ് നാട്ടുകാര്‍ക്കായി ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. ക്രിക്കറ്റിന്റെ കടുത്ത ആരാധകന്‍ കൂടിയായ താന്‍ അങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്ന ഗണപതിയെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. ആരാധനയ്ക്കായി 'ക്രിക്കറ്റ് ഭജന്‍സും' രാമകൃഷ്ണന്‍ സൃഷ്ടിച്ചു. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, എംഎസ് ധോണി, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, ജസ്പ്രിത് ബുമ്‌റ തുടങ്ങിയവര്‍ക്കൊക്കെ ഗണപതിയുടെ അനുഗ്രഹം ആവോളമുണ്ടെന്ന് രാമകൃഷ്ണന്‍ പറയുന്നു. ജസ്പ്രിത് ബുമ്‌റ നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഓരോ നാല് വര്‍ഷത്തിലും ലോകകപ്പ് വരുമ്പോള്‍ ഇന്ത്യയുടെ കിരീട വിജയത്തിനായി പ്രാര്‍ഥിക്കാറുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു. 

2011ലെ ലോകകപ്പിന്റെ സമയത്താണ് വിക്കറ്റ് കീപ്പറായ ഗണപതിയെ പ്രതിഷ്ഠിക്കുന്നത്. ഇതാണ് ധോണിക്ക് കിരീട വിജയത്തിലേക്ക് കരുത്ത് പകര്‍ന്നതെന്ന് വിശ്വസിക്കുന്നതായി രാമകൃഷ്ണന്‍ പറഞ്ഞു. ഗണപതിയുടെ അനുഗ്രഹം ഇന്ത്യന്‍ ടീമിനുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യ കിരീടം നേടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com