പരിശീലകനെ തിരഞ്ഞെടുക്കുന്നത് കടുപ്പമാകും; അപേക്ഷ സമർപ്പിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരവും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ
പരിശീലകനെ തിരഞ്ഞെടുക്കുന്നത് കടുപ്പമാകും; അപേക്ഷ സമർപ്പിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരവും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. രവി ശാസ്ത്രിയുടേയും സംഘത്തിന്റേയും കാലാവധി വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തോടെ അവസാനിക്കും. പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ ടോം മൂഡി, ഗാരി കേഴ്സ്റ്റൺ, മൈക്ക് ഹെസ്സൻ, മഹേല ജയവർധനെ, വീരേന്ദർ സെവാ​ഗ് തുടങ്ങി വലിയൊരു സൂപ്പർ താര നിര തന്നെ ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷ നൽകുമെന്നാണ് സൂചനകൾ. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ താരവും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ഒരു കാലത്ത് ഇന്ത്യൻ ആരാധകരുടെ മനസിൽ ആത്മാർഥയുടെ പ്രതീകമായിരുന്ന റോബിൻ സിങാണ് കോച്ചാകാൻ താത്പര്യപ്പെട്ട് അപേക്ഷിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.  മുഖ്യ പരിശീലകനാകാൻ ബിസിസിഐക്ക് അപേക്ഷ സമർപ്പിച്ചതായി കഴിഞ്ഞ ദിവസം റോബിൻ സിങ് വ്യക്തമാക്കിയിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഏറെ നാളത്തെ കോച്ചിങ് പരിചയമുള്ള ആളാണ് റോബിൻ സിങ്. 2007 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ഫീൽഡിങ് പരിശീലകനുമായിരുന്നു അദ്ദേഹം. 2010 ൽ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിൻ സിങ് നിലവിലും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യൻസിനെക്കൂടാതെ ഡെക്കാൺ ചാർജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടർ 19 ടീമുകളേയും റോബിൻ സിങ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 136 ഏകദിനങ്ങളിലും ഒരു ടെസ്റ്റ് മത്സരത്തിലും ജേഴ്സിയണിഞ്ഞിട്ടുള്ള താരമാണ് റോബിൻ സിങ്. അഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിന് വേണ്ടിയാണ് കളിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com