ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം

ഖവാജയുടേയും മാക്‌സ്വെല്ലിന്റേയും ഇന്നിങ്‌സും, അവസാന ഓവറുകളിലെ കോല്‍റ്ററിന്റേയും കെയ്‌റേയുടേയും ബാറ്റിങ്ങുമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്
ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം

ഹൈദരബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എടുത്തു. ഖവാജയുടേയും മാക്‌സ്വെല്ലിന്റേയും ഇന്നിങ്‌സും, അവസാന ഓവറുകളിലെ കോല്‍റ്ററിന്റേയും കെയ്‌റേയുടേയും ബാറ്റിങ്ങുമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 

ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ഫിഞ്ചിനെ അവര്‍ക്ക് നഷ്ടമായി. ഫിഞ്ചിനെ ബൂമ്ര ധോനിയുടെ കൈകളിലേക്ക് എത്തിച്ചു. ഫിഞ്ചിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയില്‍ നിന്നും സ്റ്റൊയ്‌നിസും, ഖവാജയും ചേര്‍ന്ന് ഓസീസിനെ തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 

ബൗളിങ്ങില്‍ വിജയ് ശങ്കറേയും, കുല്‍ദീപിനേയും കൊണ്ടുവന്നിട്ടും കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാതിരുന്നതോടെ കോഹ് ലി പന്ത് രവീന്ദ്ര ജഡേജയുടേയും കേദാര്‍ ജാദവിന്റേയും കൈകളിലേക്ക് നല്‍കി. ജാദവ് കോഹ് ലിയുടെ പ്രതീക്ഷ തെറ്റിച്ചില്ല. 20ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റൊയ്‌നിസിനെ ജാദവ് മടക്കി. സ്റ്റൊയ്‌നിസ് മടങ്ങി പത്ത് റണ്‍സ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് വന്നപ്പോഴേക്കും അര്‍ധശതകം എടുത്ത് നിന്ന ഖവാജയും മടങ്ങി. 

29ാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ കുല്‍ദീപിന്റെ പന്തില്‍ ധോനി സ്റ്റംപ് ചെയ്തു മടക്കി. ഓസീസ് പ്രതീക്ഷയായിരുന്ന മാക്‌സ്വെല്ലിനെ ഷമി തകര്‍പ്പന്‍ ഡെലിവറിയിലൂടെ മടക്കി. മാക്‌സ്വല്‍ മടങ്ങിയതിന് പിന്നാലെ കോല്‍റ്ററും, കെയ്‌റേയും ചേര്‍ന്ന് ഓസീസ് ്‌സ്‌കോര്‍ 200 കടത്തി. 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തീര്‍ത്തത്. 

ആദ്യ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ തുടങ്ങിയത്. അവസാന ഓവറുകളിലും ആ പിശുക്ക് ബൂമ്രയും മുഹമ്മദ് ഷമിയും തുടര്‍ന്നു. 47ാം ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രമാണ്. എന്നാല്‍ അവസാന ഓവറില്‍ ബൂമ്രയ്ക്ക് ബൗണ്ടറികള്‍ വഴങ്ങേണ്ടി വന്നു.ബൂമ്ര 10 ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിട്ടുകൊടുത്തത് 60 റണ്‍സ്. മുഹമ്മദ് ഷമി 10 ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി, 44 റണ്‍സാണ് വഴങ്ങിയത്. 

വിജയ് ശങ്കറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും നിരാശ തന്നത്. മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയ വിജയ് ശങ്കറിന്റെ കൈകളിലേക്ക് കോഹ് ലി പിന്നെ പന്ത് നല്‍കിയില്ല. കുല്‍ദീപ് രണ്ട് വിക്കറ്റും, ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ ഭേദപ്പെട്ട പ്രകടനം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com