പന്തിനെ തളയ്ക്കാനുള്ള ധോനിയുടെ തന്ത്രം എന്താകും? ചെന്നൈ സ്പിന്നര്‍മാരെ പന്താടുമോ? ഇന്ന് തീപാറും പോര്‌

ആദ്യ കളിയില്‍ വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ് എന്നീ വമ്പന്മാരെ പുറത്താക്കിയ ഹര്‍ഭജന്‍ പന്തിന് വേണ്ടി കരുതിയിരിക്കുന്നത് എന്തെന്നതും കളിയുടെ ആവേശം കൂട്ടുന്നു
പന്തിനെ തളയ്ക്കാനുള്ള ധോനിയുടെ തന്ത്രം എന്താകും? ചെന്നൈ സ്പിന്നര്‍മാരെ പന്താടുമോ? ഇന്ന് തീപാറും പോര്‌

ഐപിഎല്ലിന്റെ പ്രൊമോ ഓര്‍ക്കുന്നില്ലേ? ക്യാപ്റ്റന്‍ കൂളിന്റെ ശാന്തത ഞാന്‍ കളയുമെന്ന് പറഞ്ഞുള്ള റിഷഭ് പന്തിന്റെ വെല്ലുവിളി. നിന്റെ കളികള്‍ കാണുവാന്‍ ഞാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു ധോനി ആ വെല്ലുവിളി ഏറ്റെടുത്തത്. ഫിറോസ് ഷാ കോട്‌ലയില്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ അഞ്ചാം മത്സരം നടക്കുമ്പോള്‍ റിഷഭ് പന്തും എംഎസ് ധോനിയും നേര്‍ക്കു നേര്‍ വരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. 

ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ തകര്‍ത്തടിച്ച് ഡല്‍ഹിയെ ജയത്തിലേക്ക് എത്തിച്ചു. ഡല്‍ഹിക്ക് മുന്നിലേക്ക് ചെന്നൈ എത്തുമ്പോള്‍ പന്തിനെ പിടിച്ചു കെട്ടുവാന്‍ ധോനി മെനഞ്ഞിരിക്കുന്ന തന്ത്രം എന്താകും എന്നത് കാണുവാനുള്ള ആകാംക്ഷയില്‍ കൂടിയാണ് ആരാധകര്‍. 

ഫിറോസ് ഷാ കോട്‌ല ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും അവിടെ മുന്‍തൂക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിന് തന്നെയാണ്. ഇവിടെ ആറ് വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാല് വട്ടവും ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു. ചെന്നൈയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിക്ക് ജയിക്കാനായത് ഇരുവരും തമ്മില്‍ ഇവിടെ കൊമ്പുകോര്‍ത്ത മൂന്നാം മത്സരത്തില്‍ മാത്രമാണ്. 2012ലായിരുന്നു അത്. 

യുവത്വവും പരിചയ സമ്പത്തും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണ് ചെന്നൈ-ഡല്‍ഹി പോര്. കളി പുരോഗമിക്കുംതോറും വേഗം കുറയുന്ന പിച്ചാണ് ഫിറോസ് ഷാ കോട്‌ലയിലേത്. അതിനാല്‍ പേസര്‍മാരുടെ കൈകളിലേക്കാവും ധോനി ആദ്യം ബോള്‍ നല്‍കുക. സ്പിന്നര്‍മാര്‍ക്കെതിരായ പന്തിന്റെ മോശം ട്രാക്ക് റെക്കോര്‍ഡും ഡല്‍ഹിക്ക് തലവേദനയാണ്. ആദ്യ കളിയില്‍ വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ് എന്നീ വമ്പന്മാരെ പുറത്താക്കിയ ഹര്‍ഭജന്‍ പന്തിന് വേണ്ടി കരുതിയിരിക്കുന്നത് എന്തെന്നതും കളിയുടെ ആവേശം കൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com