ആ ചരിത്രം അശ്വിനെ തുണച്ചില്ല; റസ്സൽ കൊടുങ്കാറ്റ് വീണ്ടും; പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത

ഐപിഎല്ലില്‍ സ്വന്തം തട്ടകത്തിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി
ആ ചരിത്രം അശ്വിനെ തുണച്ചില്ല; റസ്സൽ കൊടുങ്കാറ്റ് വീണ്ടും; പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത

കൊൽക്കത്ത: ഐപിഎല്ലില്‍ സ്വന്തം തട്ടകത്തിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. 28 റണ്‍സിനാണ് കൊൽക്കത്ത വിജയിച്ചത്. കൊൽക്കത്ത മുന്നോട്ടുവച്ച കൂറ്റൻ വിജയലക്ഷ്യമായ 219 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.  രണ്ടാമത് ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന ഈഡന്റെ ചരിത്രമാണ് ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുക്കാന്‍ പഞ്ചാബ് ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. എന്നാൽ ഈ തന്ത്രം പാളിപ്പോയി. 

പഞ്ചാബിനായി അര്‍ധ സെഞ്ച്വറി നേടി മായങ്ക് അഗര്‍വാളും ഡേവിഡ് മില്ലറും പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ 42 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാൽ 14 റണ്‍സ് മാത്രമാണ് പിറന്നത്. 

സ്‌കോര്‍ 11ല്‍ എത്തിയപ്പോള്‍ തന്നെ പഞ്ചാബിന് ലോകേഷ് രാഹുലിനെ നഷ്ടമായി. അഞ്ച് പന്തുകളില്‍ നിന്ന് ഒരു റണ്ണെടുത്ത രാഹുലിനെ ലോക്കി ഫെര്‍ഗൂസനാണ് പുറത്താക്കിയത്. തകര്‍ത്തടിച്ച് തുടങ്ങിയ ക്രിസ് ഗെയിലിനെ ആന്ദ്രെ റസ്സല്‍ മടക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. 13 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സും ബൗണ്ടറികളും അടക്കം ഗെയ്ല്‍ 20 റണ്‍സെടുത്തു. രാജസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാന് ആ മികവ് ഈഡനില്‍ തുടരാനായില്ല. 13 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച മായങ്ക് അഗര്‍വാള്‍- ഡേവിഡ് മില്ലര്‍ സഖ്യം പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. നാലാം വിക്കറ്റില്‍ ഇരുവരും 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറ് ബൗണ്ടറിയുമടക്കം 58 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 59 റണ്‍സെടുത്ത മില്ലര്‍ പുറത്താകാതെ നിന്നു. മന്‍ദീപ് സിങ് 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെയും നിധീഷ് റാണയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തത്. അവസാന നിമിഷം ആഞ്ഞടിച്ച വിന്‍ഡീസ് താരം ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടത്തിയത്. വെറും 17 പന്തുകള്‍ നേരിട്ട റസ്സല്‍ ആഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 48 റണ്‍സെടുത്തു. 

കൊല്‍ക്കത്തയ്ക്കായി ഓപണ്‍ ചെയ്ത സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടോടെയാണ് മത്സരം തുടങ്ങിയത്. വെറും ഒൻപത് പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് നരെയ്ൻ എടുത്തത്.  ഇരുവരും പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച ഉത്തപ്പ- റാണ സഖ്യം മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ച് 110 റണ്‍സാണ് കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തത്. 

അശ്വിനും മന്‍ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം റാണയുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. രാജസ്ഥാനെതിരായ മത്സരത്തിലെ മങ്കാദിങ് പ്രയോഗത്തിലൂടെ വിവാദ പുരുഷനായി മാറിയ അശ്വിൻ തന്നെയാണ് പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തല്ലു കൊണ്ടത്. നാല് ഓവറില്‍ 47 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. 34 പന്തില്‍ നിന്ന് ഏഴ് സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 63 റണ്‍സെടുത്ത റാണയെ പുറത്താക്കി വരുണാണ് പഞ്ചാബിന് ആശ്വാസം നല്‍കിയത്.

ഉത്തപ്പ- റസ്സല്‍ സഖ്യം വെറും 31 പന്തില്‍ നിന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഉത്തപ്പ 50 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 67 റണ്‍സോടെ പുറത്താകാതെ നിന്നു. റസ്സലാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com