നോബോൾ വിവാ​ദം, ഡിവില്ല്യേഴ്സിന്റെ വെടിക്കെട്ട്; ആവേശപ്പോരിൽ മുംബൈ

ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന പോരിൽ മുംബൈ ഇന്ത്യൻസിന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ ആറ് റൺസിനാണ് മുംബൈ വിജയിച്ചത്
നോബോൾ വിവാ​ദം, ഡിവില്ല്യേഴ്സിന്റെ വെടിക്കെട്ട്; ആവേശപ്പോരിൽ മുംബൈ


ബംഗളൂരു: ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന പോരിൽ മുംബൈ ഇന്ത്യൻസിന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ ആറ് റൺസിനാണ് മുംബൈ വിജയിച്ചത്. മലിം​ഗ എറിഞ്ഞ അവസാന പന്തിൽ ബാം​ഗ്ലൂരിന് ഏഴ് റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ പന്ത് നോബോളായിരുന്നു. എന്നാൽ അമ്പയർ അത് വിളിക്കാഞ്ഞത് ബാം​ഗ്ലൂരിന് തിരിച്ചടിയായി മാറി. മുംബൈയുടെ ആദ്യ ജയമാണിത്. ബാം​ഗ്ലൂരിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തപ്പോൾ ബാം​ഗ്ലൂരിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ അവസാനിച്ചു. 41 പന്തുകളില്‍ നിന്ന് ആറു സിക്‌സും നാലു ബൗണ്ടറികളുമടക്കം 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം നടത്തിയെങ്കിലും അന്തിമ വിജയത്തിലേക്ക് ടീമിനെയെത്തിക്കാൻ സാധിച്ചില്ല. 

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തു തന്നെ ശിവം ദുബെ സിക്‌സറിന് പറത്തി. പിന്നീട് നാല് റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്.  നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്റയാണ് കളിയിലെ താരം.

188 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 27ല്‍ എത്തിയപ്പോള്‍ ഓപണര്‍ മോയിന്‍ അലിയെ നഷ്ടമായി. ഏഴ് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അലി, രോഹിത്തിന്റെ ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 31 റണ്‍സെടുത്ത് പാര്‍ഥിവ് പട്ടേലും മടങ്ങി. പിന്നാലെ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- ഡിവില്ലിയേഴ്‌സ് സഖ്യം മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തു. വിരാട് കോഹ്‌ലി 32 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 46 റണ്‍സെടുത്ത് പുറത്തായി. ഹെറ്റ്മയർ (അഞ്ച്) ക്ഷണത്തിൽ പുറത്തായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 33 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന നിമിഷം തകര്‍ത്തടിച്ച ഹാര്‍ദിക്  പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 187ല്‍ എത്തിച്ചത്. 14 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 32 റണ്‍സെടുത്തു.

മുംബൈക്കായി ഓപണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 39 പന്തില്‍ ഇരുവരും 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 23 റണ്‍സെടുത്ത ഡി കോക്കിനെ പുറത്താക്കി ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി രണ്ട് റണ്‍സകലെ ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി. 

പിന്നാലെ ക്രീസിലെത്തിയ യുവ്‌രാജ് സിങ് തുടക്കത്തിലെ പതറിയെങ്കിലും 14ാം ഓവറില്‍ ചഹലിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി ചിന്നസ്വാമിയെ ആവേശത്തിലാഴ്ത്തി. നാലാം പന്തിലും സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ യുവിയെ ബൗണ്ടറി ലൈനിനരികില്‍ സിറാജ് ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളടക്കം 23 റണ്‍സെടുത്താണ് യുവി മടങ്ങിയത്.

സൂര്യകുമാര്‍ യാദവ് 38 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ (ഒന്ന്) പൊള്ളാർഡ് (അഞ്ച്) കാര്യമായ സംഭാവന നല്‍കാനായില്ല. ബാംഗ്ലൂരിനായി ചഹല്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. സിറാജും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com