ഓസ്ട്രേലിയക്ക് ഞെട്ടൽ; സൂപ്പർ താരം നാളെ കളിക്കാനിറങ്ങിയേക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2019 09:58 PM  |  

Last Updated: 31st May 2019 09:59 PM  |   A+A-   |  

australias-david-warner-with-team-mates

 

ലണ്ടൻ: ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ആറാം ലോക കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. കത്തുന്ന ഫോമിൽ നിൽക്കുന്ന ഓപണർ ഡേവിഡ് വാർണർ ആദ്യ പോരാട്ടത്തിൽ കളിച്ചേക്കില്ല. 

നാളെ ബ്രിസ്റ്റളില്‍ അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന മത്സരത്തില്‍ വെടിക്കെട്ട് ഓപണര്‍ ഡേവിഡ് വാര്‍ണര്‍ ഓസീസിനായി കളിച്ചേക്കില്ല. ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ വാര്‍ണര്‍ക്കു വിശ്രമം നല്‍കിയേക്കുമെന്നാണ് ഓസീസ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പേശിക്കറ്റ പരുക്കാണ് വാര്‍ണര്‍ക്കു തിരിച്ചടിയായിരിക്കുന്നത്. ഫിറ്റാണെങ്കില്‍ മാത്രമേ ഓസീസിനു വേണ്ടി താരം കളിക്കാനിറങ്ങു എന്ന് കോച്ച് ജസ്റ്റിന്‍ ലാം​ഗര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വാര്‍ണറുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. വാര്‍ണര്‍ പുറത്തിരിക്കുകയാണെങ്കില്‍ ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ് എന്നിവരിലൊരാള്‍ കളിക്കും.

വാര്‍ണര്‍ക്കു പേശിക്കു വേദന അനുഭവപ്പെട്ടിരുന്നു. എങ്കിലും അഫ്ഗാനെതിരേ നടക്കുന്ന ആദ്യ മത്സരത്തില്‍ കളിക്കണമെന്ന് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പരുക്ക് അലട്ടുന്നുണ്ടെങ്കിലും വാര്‍ണര്‍ ആവേശത്തില്‍ തന്നെയാണ്. അത് ശുഭ സൂചനയാണ്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ വാര്‍ണര്‍ക്കു കളിക്കാന്‍ കഴിയുമോയെന്നതാണ് സംശയം. വേദനയുണ്ടെങ്കില്‍ വാര്‍ണറെ കളിപ്പിച്ച് റിസ്ക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ ഫിറ്റല്ലെങ്കില്‍ ആദ്യ കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് തീരുമാനമെന്നും ലാം​ഗര്‍ അറിയിച്ചു,