'50 ഓവറിന് പകരം 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സുകള്‍ കളിക്കു'; നിര്‍ണായക നിര്‍ദേശവുമായി സച്ചിന്‍ 

രണ്ട് ടീമുകള്‍ 50 ഓവര്‍ വീതം കളിക്കുന്നതിന് പകരം രണ്ട് ടീമുകള്‍ രണ്ട് വീതം ഇന്നിങ്‌സുകള്‍ കളിക്കുക
'50 ഓവറിന് പകരം 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സുകള്‍ കളിക്കു'; നിര്‍ണായക നിര്‍ദേശവുമായി സച്ചിന്‍ 

മുംബൈ: സുപ്രീം കോടതി നിയമിച്ച താത്കാലിക ഭരണ സമിതിയുടെ ഭരണം അവസാനിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായത് സമീപ ദിവസങ്ങളിലാണ്. ഗാംഗുലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തലപ്പത്തേക്കുള്ള വരവിനെ ആരാധകര്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി മാറ്റത്തിന്റെ കാറ്റടിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകരും പ്രതീക്ഷ പങ്കിടുന്നു. 

ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയവരുടെയെല്ലാം വാക്കുകളും അഭിപ്രായങ്ങളും ഗാംഗുലി മുഖവിലക്കെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമഗ്ര മാറ്റത്തിന് പ്രത്യേകിച്ച് പ്രാദേശിക തലത്തിലെ ക്രിക്കറ്റ് പോരാട്ടങ്ങള്‍ സംബന്ധിച്ച് വളരെ ശ്രദ്ധേയമായൊരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പ്രാദേശിക ക്രിക്കറ്റിന്റെ വളര്‍ച്ചയും, അതിന്റെ പ്രാധാന്യവും ഒപ്പം വരുമാനം സംബന്ധിച്ച കാര്യങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം സച്ചിന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 

പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന 50 ഓവര്‍ മത്സരങ്ങളിലാണ് സച്ചിന്‍ മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് ടീമുകള്‍ 50 ഓവര്‍ വീതം കളിക്കുന്നതിന് പകരം രണ്ട് ടീമുകള്‍ രണ്ട് വീതം ഇന്നിങ്‌സുകള്‍ കളിക്കുക. അതായത് 25 ഓവറുകളുടെ നാല് വിഭാഗങ്ങള്‍. ഓരോ ടീമിനും രണ്ട് തവണ 25 ഓവര്‍ വീതം ബാറ്റ് ചെയ്യാമെന്ന് ചുരുക്കം. ഓരോ ഇന്നിങ്‌സിനിടയിലും 15 മിനുട്ട് വീതം ഇടവേള അനുവദിക്കണം. 

ടീം എയും ടീം ബിയും തമ്മിലുള്ള ഒരു മത്സരം. ടീം എ ടോസ് നേടുന്നു. 25 ഓവര്‍ ബാറ്റ് ചെയ്യുന്നു. പിന്നാലെ ബി ടീം അടുത്ത 25 ഓവര്‍ ബാറ്റ് ചെയ്യുക. 

ആദ്യം ബാറ്റ് ചെയ്ത എ ടീം വീണ്ടും 26ാം ഓവര്‍ മുതല്‍ ബാറ്റിങ് തുടരുന്നു. രണ്ടാം ഘട്ടത്തിലെ 25 ഓവര്‍ എ ടീം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 26ാം ഓവര്‍ മുതല്‍ ബി ടീം ബാറ്റിങ് തുടങ്ങി ലക്ഷ്യം കണ്ടെത്തുക. രണ്ടാം തവണയിലെ 25 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ എ ടീമിലെ എല്ലാവരും പുറത്തായാലും ബി ടീമിന് 26ാം ഓവര്‍ മുതല്‍ ബാറ്റിങ് തുടങ്ങാം. 

രണ്ട് ഘട്ടമായി 25 ഓവര്‍ വീതം കളിക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴുന്നത് അതിനനുസരിച്ചായിരിക്കും പരിഗണിക്കപ്പെടുക. ഓരോ 25 ഓവറിന്റേയും ആദ്യ അഞ്ച് ഓവറുകളിലായിരിക്കും പവര്‍ പ്ലേ. ബാറ്റിങ് സൈഡിന് രണ്ട് പവര്‍ പ്ലേകളും ബൗളിങ് വിഭാഗത്തിന് മൂന്ന് പവര്‍ പ്ലേകളും 25 ഓവറില്‍ ഇത്തരത്തില്‍ ലഭിക്കും. 15 മിനുട്ടുകളുടെ മൂന്ന് ഇതവേളകള്‍ ലഭിക്കുമ്പോള്‍ ടെലിവിഷന്‍ സംപ്രേക്ഷണം വഴിയുള്ള പരസ്യ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com