അത്ര 'ലാവിഷ്' വേണ്ട; ഐപിഎല്‍ ചാമ്പ്യന്‍മാരുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കെ നിര്‍ണായക തീരുമാനവുമായി ബിസിസിഐ
അത്ര 'ലാവിഷ്' വേണ്ട; ഐപിഎല്‍ ചാമ്പ്യന്‍മാരുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കെ നിര്‍ണായക തീരുമാനവുമായി ബിസിസിഐ. ഐപിഎല്‍ ചാമ്പ്യന്‍മാരാകുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക കുറയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ണായക തീരുമാനം. സമ്മാനത്തുക 2019 നെ അപേക്ഷിച്ച് പകുതിയായി കുറയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 

ചാമ്പ്യന്‍മാരാകുന്ന ടീമിന് 20 കോടി രൂപയാണ് കഴിഞ്ഞ സീസണില്‍ നല്‍കിയത്. എന്നാല്‍ ഇത്തവണ അത് പത്ത് കോടിയായി കുറയ്ക്കാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 

രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഇതുവരെ നല്‍കിയിരുന്നത് 12 കോടി രൂപയായിരുന്നു. അത് ആറ് കോടിയായി കുറച്ചു. ക്വാളിഫയേഴ്‌സ് പോരാട്ടത്തില്‍ പരാജയപ്പെടുന്ന മൂന്നും നാലും സ്ഥാനത്തുള്ള ടീമുകള്‍ക്ക് നാല് കോടി രൂപയായിരിക്കും സമ്മാനത്തുക.

ഐപിഎല്‍ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫ്രാഞ്ചൈസികള്‍ ഒരു കോടി രൂപ നല്‍കണം. ഇതിനൊപ്പം ബിസിസിഐ 50 ലക്ഷവും നല്‍കും. മൊത്തം ഒന്നരക്കോടി രൂപയായിരിക്കും അസോസിയേഷനുകള്‍ക്ക് ലഭിക്കുക.  

നിലവില്‍ ഫ്രാഞ്ചൈസികളെല്ലാം മികച്ച സാമ്പത്തിക ഭദ്രതയുള്ളവരാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പ് പോലുള്ള ഒന്നിലധികം മാര്‍ഗങ്ങളും അവര്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇത്തരമൊരു പരിഷ്‌കാരം അവരെ കാര്യമായി ബാധിക്കില്ലെന്നും ഒരു ബിസിസിഐ വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com