‘എനിക്ക് മുൻപും ശേഷവും വന്ന താരങ്ങളിൽ പലരും ഒത്തുകളിച്ചിട്ടുണ്ട്, ചിലർ ക്രിക്കറ്റ് ബോർഡിലും ടീമിലും ഇപ്പോഴും തുടരുന്നു‘- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

‘എനിക്ക് മുൻപും ശേഷവും വന്ന താരങ്ങളിൽ പലരും ഒത്തുകളിച്ചിട്ടുണ്ട്, ചിലർ ക്രിക്കറ്റ് ബോർഡിലും ടീമിലും ഇപ്പോഴും തുടരുന്നു‘- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
‘എനിക്ക് മുൻപും ശേഷവും വന്ന താരങ്ങളിൽ പലരും ഒത്തുകളിച്ചിട്ടുണ്ട്, ചിലർ ക്രിക്കറ്റ് ബോർഡിലും ടീമിലും ഇപ്പോഴും തുടരുന്നു‘- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഇസ്‍ലാമാബാദ്: ഒത്തുകളി വിവാദങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആസിഫ്. ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ താരങ്ങളിൽ നിരവധി പേർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദച്ചുഴിയിലായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കൂടുതൽ വിഷമവൃത്തത്തിലാക്കുന്നതാണ് മുഹമ്മദ് ആസിഫിന്റെ പുതിയ വെളിപ്പെടുത്തൽ.

ഒത്തുകളി വിവാദത്തിനെ തുടർന്ന് വിലക്ക് വന്ന് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രത്യക്ഷനായ താരമാണ് മുഹമ്മദ് ആസിഫ്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് കൂടുതൽ ചർച്ചകൾക്ക് വഴി തുറക്കുമെന്ന് ഉറപ്പ്. ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അത്ര സുഖകരമല്ലാത്ത വെളിപ്പെടുത്തലുകളുമായി മുഹമ്മദ് ആസിഫ് ഞെട്ടിച്ചത്. 

‘എനിക്കു മുൻപും പാകിസ്ഥാൻ ക്രിക്കറ്റിൽ ഒത്തുകളിച്ച താരങ്ങളുണ്ട്. അതിന് ശേഷം വന്നവരിലും ഒത്തുകളിക്കാരുണ്ട്. എനിക്കു മുൻപ് ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലുണ്ട്. അതിന് ശേഷം ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോഴും പാകിസ്ഥാൻ ടീമിലുമുണ്ട്. എല്ലാവർക്കും രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചു എന്നതാണ് സത്യം. എന്നേപ്പോലെ ചിലർക്കു മാത്രം അങ്ങനെയൊരു അവസരം കിട്ടിയില്ല. എന്റെ ബൗളിങ് വളരെ മികച്ചതായിരുന്നുവെന്ന് ഒട്ടേറെപ്പേർ പറയുമ്പോഴും പിസിബി ‍‍‍കാര്യമായ പരിഗണനയൊന്നും കാട്ടിയില്ല. എന്തായാലും പഴയ കാര്യങ്ങളോർത്ത് സങ്കടപ്പെടാനില്ല‘- ആസിഫ് പറഞ്ഞു.

‘കൂടുതൽ മികച്ച നിലയിൽ എനിക്ക് കരിയർ അവസാനിപ്പിക്കാമായിരുന്നു. അങ്ങനെ അവസാനിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹവും. അക്കാര്യത്തിൽ ഖേദമുണ്ട്. അതെല്ലാം പഴയ കഥകൾ. സംഭവിച്ചതെല്ലാം അങ്ങനെ തന്നെ സംഭവിക്കേണ്ടതായിരുന്നുവെന്ന് കരുതുന്നയാളാണ് ഞാൻ. എല്ലാവർക്കും ജീവിതത്തിൽ ഇത്തരം ഖേദങ്ങളുണ്ടാകും. ചിലർ മാത്രമേ പുറത്തു പറയൂ. എല്ലാവരും തെറ്റു വരുത്താറുണ്ട്. ഞാനും വരുത്തി‘- ആസിഫ് പറഞ്ഞു.

താൻ നേരിട്ടിട്ടുള്ളവരിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ മുഹമ്മദ് ആസിഫാണെന്ന് പീറ്റേഴ്സൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആസിഫിന്റെ ബൗളിങ്ങിനെ ഡിവില്ലിയേഴ്സും അംലയും പരസ്യമായി പുകഴ്ത്തിയിട്ടുമുണ്ട്. ഇക്കാര്യവും ആസിഫ് എടുത്തു പറഞ്ഞു.

‘കഴിഞ്ഞതു കഴിഞ്ഞു. കുറച്ചു കാലമേ രാജ്യാന്തര ക്രിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന ചാരിതാർഥ്യമുണ്ട്. പിന്നിലേക്ക് ചിന്തിക്കുമ്പോൾ അതാണ് എനിക്ക് പ്രധാനം. ഞാൻ സജീവ ക്രിക്കറ്റിൽനിന്ന് മാറിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും ഒട്ടേറെ മികച്ച താരങ്ങൾ എന്നെ ഓർമിക്കുന്നു, എന്നേക്കുറിച്ച് സംസാരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റിൽ എനിക്ക് നേടാനായ സ്വാധീനത്തിൽ സന്തോഷമുണ്ട്, അഭിമാനവും. കെവിൻ പീറ്റേഴ്സനും എബി ഡിവില്ലിയേഴ്സും അംലയും പറഞ്ഞ വാക്കുകളിൽ ഞാൻ സന്തോഷിക്കുന്നു’ – ആസിഫ് പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റിന് വളരെയധികം പ്രതീക്ഷ നൽകി 2005ൽ അരങ്ങേറിയ മുഹമ്മദ് ആസിഫ് അഞ്ച് വർഷം കൊണ്ട് കളമൊഴിഞ്ഞു പോയി. ഇതിനിടെ കളിച്ചത് 23 ടെസ്റ്റും 38 ഏകദിനവും 11 ടി20 മത്സരങ്ങളും മാത്രം. ടെസ്റ്റിൽ 106 വിക്കറ്റും ഏകദിനത്തിൽ 46 വിക്കറ്റും ടി20യിൽ 13 വിക്കറ്റും വീഴ്ത്തി. പ്രതിഭയുള്ള താരമെങ്കിലും ഉത്തേജക, ഒത്തുകളി വിവാദങ്ങളിൽ കുടുങ്ങി അകാലത്തിൽ കരിയർ അവസാനിപ്പിക്കാനായിരുന്നു ആസിഫിന്റെ വിധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com