ആത്മവീര്യം തകര്‍ക്കുന്ന തോല്‍വി, എങ്കിലും വിധി ഞങ്ങളുടെ കൈകളിലാണ് ഇപ്പോഴും: മക്കല്ലം 

'ടീമിന്റെ ആത്മവിശ്വാസത്തെ ഇപ്പോഴുണ്ടായ തോല്‍വി ബാധിക്കും. ആത്മവീര്യം നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കണം'
ആത്മവീര്യം തകര്‍ക്കുന്ന തോല്‍വി, എങ്കിലും വിധി ഞങ്ങളുടെ കൈകളിലാണ് ഇപ്പോഴും: മക്കല്ലം 

അബുദാബി: ആര്‍സിബിക്കെതിരായ നാണംകെട്ട തോല്‍വി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളിക്കാരുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. എന്നാല്‍ തങ്ങളുടെ വിധി ഇപ്പോഴും തങ്ങളുടെ കൈകളില്‍ തന്നെയാണെന്നും മക്കല്ലം പറഞ്ഞു. 

ടീമിന്റെ ആത്മവിശ്വാസത്തെ ഇപ്പോഴുണ്ടായ തോല്‍വി ബാധിക്കും. ആത്മവീര്യം നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കണം. അതേ സമയം തന്നെ എങ്ങനെ മെച്ചപ്പെടണം എന്നതില്‍ ആത്മാര്‍ഥമായ ചര്‍ച്ചയും നടക്കണം. എന്നാല്‍ ഫൈനലില്‍ എത്താന്‍ പ്രാപ്തമായ ടീമാണ് ഇത്. ചെറിയ മെച്ചപ്പെടല്‍ മാത്രമാണ് അതിനായി ഈ ടീമിന് വേണ്ടതെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലകന്‍ പറഞ്ഞു. 

ടൂര്‍ണമെന്റില്‍ ഇപ്പോഴും ഏഴാം സ്ഥാനത്താണ് ഞങ്ങള്‍. വിധി ഇപ്പോഴും ഞങ്ങളുടെ കൈകളില്‍ തന്നെയാണ്. ഈ രാത്രിയില്‍ ഞങ്ങള്‍ പരാജയപ്പെട്ട മേഖലകളില്‍ കൂടുതല്‍ കരുത്തരാവുക, പ്രകടനം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് വേണ്ടത്. ഈ വിക്കറ്റ് ബാറ്റ്‌സ്മാന്മാരെ ഏറെ കുഴക്കുന്നതാണെന്ന് വിശ്വസിക്കുന്നില്ല. സിറാജ് വളരെ നന്നായി പന്തെറിഞ്ഞു. മോറിസും സമയത്തിനൊത്ത് ഉയര്‍ന്നു. ഭയപ്പെട്ട് പിന്‍വലിഞ്ഞ രീതിയാണ് ഞങ്ങള്‍ സ്വീകരിച്ചത്. 

'അത് അസ്വസ്ഥപ്പെടുത്തുന്നതാണ്. കാരണം മത്സരത്തിന് മുന്‍പ് പോസിറ്റീവായി നില്‍ക്കുന്നതിനെ കുറിച്ചും, ലക്ഷ്യം വ്യക്തമാക്കി കരുത്ത് കാണിക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചത്. അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അഭിമുഖീകരിക്കേണ്ട മേഖലകളാണ് ഇത്. കളിയില്‍ ഒരുഘട്ടത്തിലും മുന്‍തൂക്കം ഞങ്ങള്‍ക്ക് ലഭിച്ചില്ല. മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാനായില്ല.'

85 റണ്‍സ് പ്രതിരോധിച്ച് ജയിക്കുക എന്നത് 50ല്‍ ഒരു മത്സരത്തില്‍ സാധ്യമാവുന്ന കാര്യമാണ്. ആര്‍സിബി ഇന്ന് നന്നായി കളിച്ചു. ബാറ്റിങ്ങില്‍ ഞങ്ങള്‍ വളരെ മോശമായി. 40-6 എന്ന നിലയിലേക്ക് വീണ കളികള്‍ ജയിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്. ഇതുപോലെ നിരാശാജനകമായ പ്രകടനം വരുമ്പോള്‍ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. ആത്മവീര്യം ഉയര്‍ന്ന് നിന്നാല്‍, ഡ്രസിങ് റൂമിലെ വിശ്വാസം താഴാതെ നിന്നാല്‍ ടൂര്‍ണമെന്റില്‍ ഏറെ ദൂരം പോവാന്‍ ഞങ്ങള്‍ക്കാവും...മക്കല്ലം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com