ഐപിഎല്‍ കഴിയുന്നതോടെ ധോനി ബിഗ് ബാഷ് ലീഗിലേക്ക് എന്ന് സൂചന; ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസികള്‍ രംഗത്ത് 

പല ബിബിഎല്‍ ഫ്രാഞ്ചൈസികളും ധോനിയില്‍ താത്പര്യം വ്യക്തമാക്കിയതായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഐപിഎല്‍ കഴിയുന്നതോടെ ധോനി ബിഗ് ബാഷ് ലീഗിലേക്ക് എന്ന് സൂചന; ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസികള്‍ രംഗത്ത് 

മുംബൈ: ഓസ്‌ട്രേലിയന്‍ ട്വന്റി20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിലേക്ക് ധോനി എത്തിയേക്കുമെന്ന് സൂചന. പല ബിബിഎല്‍ ഫ്രാഞ്ചൈസികളും ധോനിയില്‍ താത്പര്യം വ്യക്തമാക്കിയതായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ധോനിക്കൊപ്പം, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരേയും വരുന്ന ബിബിഎല്‍ സീസണിലേക്കാണ് ഫ്രാഞ്ചൈസികള്‍ ലക്ഷ്യം വെക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ യുവിക്ക് മുന്‍പില്‍ തടസങ്ങളില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടി20 ലീഗില്‍ തുടരുകയാണ് റെയ്‌നയും ധോനിയും. ഇത് വിദേശ ലീഗുകള്‍ കളിക്കുന്നതിന് ഇരുവര്‍ക്കും തടസമാണ്. 

ഡിസംബറിലാണ് ബിബിഎല്‍ ആരംഭിക്കുക. ഈ സമയം ധോനിക്കും റെയ്‌നക്കും മറ്റ് മത്സരങ്ങള്‍ മുന്‍പിലില്ല. മാത്രമല്ല ഇന്ത്യന്‍ ടീം ഈ സമയം ഓസ്‌ട്രേലിയയിലുണ്ടാവും. ബിസിസിഐയുടെ പക്കല്‍ നിന്നും എന്‍ഒസി റെയ്‌നക്കും ധോനിക്കും ലഭിക്കണം. 2016ല്‍ ബിബിഎല്ലിനെ ധോനി പ്രശംസിച്ചിരുന്നു. 

നിലവില്‍ ഐപിഎല്ലില്‍ ഫോമില്ലാതെയാണ് ധോനി കളിക്കുന്നത്. 2021 സീസണില്‍ ധോനിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യത കുറഞ്ഞ് വരികയാണ്. ഈ സാഹചര്യത്തിലാണ് ധോനി ബിബിഎല്ലിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നത്. എന്ന് ഞാന്‍ വിരമിക്കും, രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള പൊസിഷനിലാണോ ഞാന്‍ എന്നെല്ലാം നോക്കിയാവും ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നത് തീരുമാനിക്കുക എന്നാണ് 2016ല്‍ ധോനി പറഞ്ഞത്. 

ബിബിഎല്‍ ഉയര്‍ന്ന ക്വാളിറ്റിയിലുള്ള ടൂര്‍ണമെന്റാണ്. ഫിസിക്കല്‍ ഫിറ്റ്‌നസും, തന്റെ ഇച്ഛാശക്തിയുമെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം എന്ന് അന്ന് ധോനി പറഞ്ഞിരുന്നു. റെയ്‌നയിലേക്ക് എത്തുമ്പോള്‍ ഇനിയും സമയം റെയ്‌നക്ക് മുന്‍പിലുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാനായി ചട്ടങ്ങളില്‍ ഇളവ് വരുത്തണം എന്ന് ബിസിസിഐയോട് റെയ്‌ന ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com