'രാജസ്ഥാന്റെ പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍ സ്മിത്ത് തന്നെ; അദ്ദേഹം ടീമില്‍ നിന്ന് മാറി നില്‍ക്കണം'- ഗംഭീര്‍

'രാജസ്ഥാന്റെ പ്രധാന പ്രശ്‌നം സ്മിത്ത് തന്നെ; അദ്ദേഹം ടീമില്‍ നിന്ന് മാറി നില്‍ക്കട്ടെ'- ശ്രദ്ധേയ നിരീക്ഷണവുമായി ഗംഭീര്‍
'രാജസ്ഥാന്റെ പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍ സ്മിത്ത് തന്നെ; അദ്ദേഹം ടീമില്‍ നിന്ന് മാറി നില്‍ക്കണം'- ഗംഭീര്‍

ദുബായ്: രണ്ട് തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് മുന്‍ ഇന്ത്യന്‍ ഓപണറും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഐപിഎല്‍ പോരാട്ടങ്ങള്‍ കൃത്യമായി വീക്ഷിക്കുന്ന ഗംഭീര്‍ ശ്രദ്ധേയമായ പല അഭിപ്രായങ്ങളും ഇതിനോടകം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഗംഭീര്‍. 

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാറി നില്‍ക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായക സാന്നിധ്യമായി നില്‍ക്കുന്ന താരമാണ് ഇംഗ്ലണ്ടിന്റെ ജോഫ്രെ ആര്‍ച്ചര്‍. മികച്ച ബൗളറായ ആര്‍ച്ചര്‍ ആവശ്യമുള്ളപ്പോള്‍ ബാറ്റിങിലും കഴിവ് പ്രകടിപ്പിച്ച താരമാണ്. ഫീല്‍ഡിങിലും മികവ് പുലര്‍ത്തുന്നു. 

എന്നാല്‍ രാജസ്ഥാന്റെ നിലവിലെ പ്രധാന പോരായ്മയായി ഗംഭീര്‍ കാണുന്നത് അവരുടെ പേസ് ബൗളിങ് വിഭാഗത്തിലെ താരങ്ങളുടെ കുറവാണ്. ജോഫ്രെ ആര്‍ച്ചര്‍ മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അതിനൊത്ത പിന്തുണ നല്‍കാന്‍ കഴിയുന്ന താരം രാജസ്ഥാന്‍ നിരയിലില്ല. അങ്കിത് രജപുത്, വരുണ്‍ ആരോണ്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ യുവ താരമായ കാര്‍ത്തിക് ത്യാഗിക്കും കാര്യമായ ചലനങ്ങള്‍ കളത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. 12 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നേടിയ ആര്‍ച്ചര്‍ രാജസ്ഥാന്‍ പേസ് വിഭാഗത്തിന്റെ ചുമതല ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ്. 

അതിനാല്‍ സ്മിത്ത് സ്വയം മാറി നിന്ന് ആ സ്ഥാനത്തേക്ക് ആര്‍ച്ചര്‍ക്ക് കൂട്ടായി ഒരു വിദേശ താരം തന്നെയായ പേസറെ ഇറക്കണമെന്നാണ് ഗംഭീറിന്റെ പക്ഷം. വിന്‍ഡീസ് യുവ പേസര്‍ ഓഷെയ്ന്‍ തോമസിനെ ഇറക്കി സ്മിത്ത് ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് ഗംഭീര്‍ വ്യക്തമാക്കി. 

തുടക്കത്തില്‍ ബാറ്റിങില്‍ തിളങ്ങിയ സ്മിത്തിന് പിന്നീട് സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ വന്നു. ഇക്കാര്യവും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആര്‍ച്ചറെ പോലെ ഒരു മികച്ച ഓള്‍റൗണ്ടര്‍ ടീമിലുണ്ടായിട്ടും താരത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സ്മിത്തിന് സാധിക്കുന്നില്ലെന്നും ഗംഭീര്‍ നിരീക്ഷിക്കുന്നു. ഗംഭീറിന്റെ അഭിപ്രായത്തില്‍ രാജസ്ഥാന്റെ പ്രധാന പ്രശ്‌നം അവരുടെ ക്യാപ്റ്റന്‍ സ്മിത്ത് തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com