ഒളിംപിക്‌സില്‍ ക്രിക്കറ്റ്, ഐപിഎല്ലിലെ 10 ടീം; ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കരകയറുന്നതിന് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലെടുത്തു
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പതിസന്ധി നിറഞ്ഞ കലണ്ടര്‍ വര്‍ഷമാണ് ബിസിസിഐ അതിജീവിച്ചത്. ഐപിഎല്‍ വിജയ കരമായി പൂര്‍ത്തിയാക്കാനായതാണ് ബിസിസിഐക്ക് ആശ്വാസമായി. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കരകയറുന്നതിന് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലെടുത്തു. അതില്‍ പ്രധാനപ്പെട്ടവ...

2022 ഐപിഎല്ലില്‍ 10 ടീം

ഐപിഎല്ലില്‍ 10 ടീമുകളുടെ പോര് 2021 ഉണ്ടാവില്ല. 2021 സീസണ്‍ തുടങ്ങാന്‍ ചുരുങ്ങിയ സമയം മാത്രമാണുള്ളത് എന്നതിനാലാണ് പുതിയ ടീമുകളുടെ എണ്ണം കൂട്ടുന്നത് 2022ലേക്ക് മാറ്റിയത്. ഇതോടെ 2021 സീസണിന് മുന്‍പായി മെഗാ താര ലേലം ഉണ്ടാവില്ലെന്നും ഉറപ്പായി. 

ഒളിംപിക്‌സില്‍ ക്രിക്കറ്റ്

2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള ഐസിസിയുടെ നീക്കങ്ങള്‍ക്ക് ബിസിസിഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റിയില്‍ നിന്ന് ചില കാര്യങ്ങളില്‍ ബിസിസിഐ വ്യക്തത തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. 

ഡൊമസ്റ്റിക് സീസണ്‍ ഉപേക്ഷിച്ചതോടെ പ്രയാസപ്പെട്ട താരങ്ങള്‍ക്ക് കരുതല്‍

കോവിഡിനെ തുടര്‍ന്ന് ഡൊമസ്റ്റിക് സീസണിലെ പല മത്സരങ്ങളും ഉപേക്ഷിച്ച സാഹചര്യത്തില്‍ കളിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ബിസിസിഐയുടെ വാര്‍ഷിക പൊതു യോഗത്തില്‍ തീരുമാനമായി. വനിതാ, പുരുഷ ഫസ്റ്റ് ക്ലാസ് പുരുഷ താരങ്ങള്‍ക്ക് സഹായം നല്‍കും. 

വനിതാ ടെസ്റ്റ് 

വനിതാ ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ. അടുത്ത വര്‍ഷം വനിതാ ടെസ്റ്റ് മത്സരം സംഘടിപ്പിക്കും. 2 ടെസ്റ്റുകളാവും 2021ല്‍ നടത്തുക. 

123 മില്യണ്‍ ഡോളര്‍ നഷ്ടം

2021 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഫുള്‍ ടാക്‌സ് റിബേറ്റ് കേന്ദ്ര സര്‍ക്കാരിനോട് ബിസിസിഐ ആവശ്യപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നികുതി റിബേറ്റ് നല്‍കിയില്ലെങ്കില്‍ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 123 മില്യണ്‍ ഡോളര്‍ കുറയുമെന്ന് ബിസിസിഐ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com