2020ലെ ബിസിസിഐ പ്രതിഫലം; കോഹ്‌ലിയെ മറികടന്ന് ബൂമ്ര; ആദ്യ അഞ്ചിലും ഉള്‍പ്പെടാതെ രോഹിത് ശര്‍മ

എ പ്ലസ് കാറ്റഗറിയിലുള്ള മൂന്ന് താരങ്ങളില്‍ ഒരാളാണ് ബൂമ്ര. ഈ വര്‍ഷം നാല് ടെസ്റ്റും 9 ഏകദിനവും എട്ട് ടി20യും ബൂമ്ര കളിച്ചു
വിരാട് കോഹ്‌ലി, ബൂമ്ര/ഫോട്ടോ: എപി
വിരാട് കോഹ്‌ലി, ബൂമ്ര/ഫോട്ടോ: എപി

ന്യൂഡല്‍ഹി 2020ല്‍ ബിസിസിഐയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ താരമായി പേസര്‍ ജസ്പ്രീത് ബൂമ്ര. കോഹ് ലിയെ മറികടന്നാണ് ബൂമ്ര ഇവിടെ ഒന്നാമത് എത്തിയത്. 1.38 കോടി രൂപയാണ് ഈ വര്‍ഷം ബൂമ്ര ബിസിസിഐയില്‍ നിന്ന് നേടിയത്. 

എ പ്ലസ് കാറ്റഗറിയിലുള്ള മൂന്ന് താരങ്ങളില്‍ ഒരാളാണ് ബൂമ്ര. ഈ വര്‍ഷം നാല് ടെസ്റ്റും 9 ഏകദിനവും എട്ട് ടി20യും ബൂമ്ര കളിച്ചു. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയാണ് ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നത്. ഒരു ഏകദിനത്തിന് ആറ് ലക്ഷം രൂപയും, ടി20ക്ക് 3 ലക്ഷം രൂപയും. 

ബിസിസിഐയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം അല്ലാതെ, ബോര്‍ഡില്‍ നിന്ന് 1.38 ലക്ഷം രൂപയാണ് ബൂമ്രയ്ക്ക് ലഭിച്ചത്. മൂന്ന് ടെസ്റ്റും, 9 ഏകദിനവും, 10 ടി20യും കളിച്ച കോഹ് ലിക്ക് ലഭിച്ചത് 1.29 കോടി രൂപ. ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ചിരുന്നു എങ്കില്‍ കോഹ് ലി ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. 

എന്നാല്‍ ഈ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും രോഹിത് ശര്‍മയില്ല എന്ന പ്രത്യേകതയുമുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം പല മത്സരങ്ങളും രോഹിത്തിന് നഷ്ടമായിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത്തിന് പരിക്കേറ്റിരുന്നു. മൂന്ന് ഏകദിനവും, രണ്ട് ടെസ്റ്റും ഇവിടെ രോഹിത്തിന് നഷ്ടമായി. ഓസീസ് പര്യടനത്തിലും പരിക്ക് രോഹിത്തിന് മുന്‍പില്‍ വില്ലനായി. 

ബിസിസിഐയില്‍ നിന്നുള്ള പ്രതിഫലത്തില്‍ രവീന്ദ്ര ജഡേജയാണ് കോഹ്‌ലിക്ക് പിന്നിലുള്ളത്. 2 ടെസ്റ്റും, 9 ഏകദിനവും, നാല് ടി20യുമാണ് ജഡേജ ഈ വര്‍ഷം കളിച്ചത്. ഇതിലൂടെ ലഭിച്ചത് 96 ലക്ഷം രൂപയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com