ധോനി യുഗം അവസാനിക്കുന്നു? വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി ബിസിസിഐ

2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്
ധോനി യുഗം അവസാനിക്കുന്നു? വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. 

2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്. നായകന്‍ കോഹ് ലി, ഉപനായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ബൂമ്ര, എന്നിവരാണ് എ+ ഗ്രേഡിലുള്ളത്. 

സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പൂജാര, കെ എല്‍ രാഹുല്‍, രഹാനെ, ധവാന്‍, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയില്‍ ഇടംപിടിച്ചത്. 

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിയുന്ന വൃദ്ധിമാന്‍ സാഹ, പേസര്‍ ഉമേഷ് യാദവ്, സ്പിന്നര്‍ ചഹല്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, എന്നിവര്‍ ഗ്രേഡ് ബിയിലാണ്. കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍, മനീഷ് പാണ്ഡേ, ഹനുമാ വിഹാരി, ശര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഗ്രേഡ് സിയില്‍. ഏഴ് കോടി രൂപയാണ് എ പ്ലസ് വിഭാഗത്തില്‍ വരുന്നവരുടെ പ്രതിഫലം. ഗ്രേഡ് എയില്‍ വരുന്നവര്‍ക്ക് അഞ്ച് കോടി രൂപയും ഗ്രേഡ് ബിയില്‍ വരുന്നവര്‍ക്ക് മൂന്ന് കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. ഗ്രേഡ് സിയില്‍ ഒരു കോടി രൂപ. 

ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹം തുടരുന്നതിന് ഇടയിലാണ് ധോനിയുടെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് ബിസിസിഐ വിട്ടുനിന്നത്. ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ട്വന്റി20 സംഘത്തില്‍ ഇടംനേടുകയാണ് ധോനിയുടെ ലക്ഷ്യമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com