'ഞാന്‍ അവരുടെ 'തല' തന്നെ, ആ വിളി ഏറെ സന്തോഷം നല്‍കുന്നു'

ആരാധകരുടെ ഇഷ്ട ടീമായി ചെന്നൈയെ മാറ്റുന്നത് 'തല' എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ധോനിയുടെ സാന്നിധ്യം തന്നെ
'ഞാന്‍ അവരുടെ 'തല' തന്നെ, ആ വിളി ഏറെ സന്തോഷം നല്‍കുന്നു'

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന ടീമുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നില്‍ നില്‍ക്കുന്നു. മുന്‍ ഇന്ത്യന്‍ നായകനും വെറ്ററന്‍ താരവുമായി മഹേന്ദ്ര സിങ് ധോനി നയിക്കുന്നു എന്നതാണ് ടീമിന്റെ ഏറ്റവും വലിയ സവിശേഷത. ആരാധകരുടെ ഇഷ്ട ടീമായി ചെന്നൈയെ മാറ്റുന്നത് 'തല' എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ധോനിയുടെ സാന്നിധ്യം തന്നെയാണ്. ആരാധകരുടെ 'തല' എന്ന വിളി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ധോനി പറയുന്നു. 

'ആരാധകര്‍ എന്നെ 'തല' എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. തല എന്നാല്‍ സഹോദരന്‍ എന്നാണ് അര്‍ത്ഥം. എന്നെ ഒരു മൂത്ത സഹോദരനെ പോലെയാണ് ചെന്നൈ ആരാധകര്‍ കണക്കാക്കുന്നത്. ആരാധകരുടെ സ്‌നേഹം എനിക്ക് നേരിട്ട് അറിയാന്‍ പറ്റുന്നുണ്ട്. ചെന്നൈയിലെ, അല്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ എവിടെയും പോകുമ്പോള്‍ ആരാധകര്‍ തല എന്ന് വിളിച്ചു അടുത്ത് വരാറുണ്ട്. അവര്‍ സ്‌നേഹവും ബഹുമാനവും നല്‍കാറുണ്ട്. അതേസമയം അവര്‍ കടുത്ത സിഎസ്‌കെ ആരാധകരായിരിക്കുകയും ചെയ്യും'- ധോനി പറഞ്ഞു.

'കളത്തിന് അകത്തും പുറത്തും ഒരു നല്ല ക്രിക്കറ്റ് താരമായിരിക്കാനും നല്ല മനുഷ്യനായി പെരുമാറാനുമൊക്കെ എന്നെ പ്രാപ്തനാക്കിയത് സൂപ്പര്‍ കിങ്‌സ് ടീമാണ്. കളത്തിനകത്തും പുറത്ത് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ള കഠിന സാഹചര്യങ്ങളെ സംയമനത്തോടെ നേരിടാനുള്ള മനോനിലയിലേക്ക് എന്നെ വളര്‍ത്തിയതും സിഎസ്‌കെയിലെ അനുഭവങ്ങളാണ്'- ധോനി വ്യക്തമാക്കി. 

2019ലെ ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി കളിച്ചിട്ടില്ല. ഈ മാസം അവസാനം ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ ദിവസം ധോനി പരിശീലനത്തിനിറങ്ങി. മത്സരത്തിലെന്ന പോലെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ പരിശീലനം കാണാന്‍ ആര്‍പ്പു വിളികളുമായി തടിച്ചു കൂടിയിരുന്നു. 

വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം ധോനിയെ സംബന്ധിച്ച് നിര്‍ണായകമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഇനി കളിക്കാനിറങ്ങാന്‍ 38കാരനായ ധോനിക്ക് അവസരം ലഭിക്കണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സാധിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com