വീണ്ടും തെവാതിയ, ഒപ്പം പര​ഗും; തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ പ്രതീക്ഷ നീട്ടി

വീണ്ടും തെവാതിയ, ഒപ്പം പര​ഗും; തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ പ്രതീക്ഷ നീട്ടി
വീണ്ടും തെവാതിയ, ഒപ്പം പര​ഗും; തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ പ്രതീക്ഷ നീട്ടി

ദുബായ്: താൻ താത്കാലിക പ്രതിഭാസമല്ലെന്ന് രാഹുൽ തെവാതിയ വീണ്ടും തെളിയിച്ചപ്പോൾ രാജസ്ഥാൻ റോയൽസ് വിജയ വഴിയിൽ തിരിച്ചെത്തി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ രാജസ്ഥാന് അഞ്ച് വിക്കറ്റിന്റെ ജയം. ആ​ദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ രാജസ്ഥാൻ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 163 റൺസെടുത്ത് മറികടന്നു. 

തുടർ തോൽവികളിൽ ഉഴറി പ്രതീക്ഷ നഷ്ടപ്പെട്ട രാജസ്ഥാൻ റോയൽസിനെ മറ്റൊരു തോൽവിയുടെ വക്കിലായിരുന്നു. എന്നാൽ തെവാതിയയും റയാൻ പര​ഗും ചേർന്ന കൂട്ടുകെട്ട് അവരെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രാജസ്ഥാൻ ഒരു ഘട്ടത്തിൽ അഞ്ചിന് 78 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, അവസാന ഓവറുകളിലെ വിസ്മയ പ്രകടനത്തിലൂടെയാണ് തെവാതിയയും പരഗും ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ പര​ഗ് ഒരു സ്ക്സിലൂടെ വിജയം പൂർത്തിയാക്കി. 

പിരിയാത്ത ആറാം വിക്കറ്റിൽ വെറും 47 പന്തിൽനിന്ന് 85 റൺസ് അടിച്ചുകൂട്ടിയാണ് തെവാതി– പരഗ് സഖ്യം ടീമിന് വിജയം സമ്മാനിച്ചത്. അവസാന നാല് ഓവറിൽ നിന്ന് മാത്രം ഈ സഖ്യം 58 റൺസാണ് അടിച്ചുകൂട്ടിയത്. സീസണിൽ രാജസ്ഥാന്റെ മൂന്നാമത്തെ വിജയമാണിത്. തുടർച്ചയായ നാല് തോൽവികൾക്കു ശേഷമുള്ള ആദ്യ ജയവും. 

തെവാതിയ 28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 45 റൺസോടെയും റയാൻ പരഗ് 26 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 42 റൺസോടെയും പുറത്താകാതെ നിന്നു. ബെൻ സ്റ്റോക്സ് (ആറു പന്തിൽ അഞ്ച്), ജോസ് ബട്‍ലർ (13 പന്തിൽ 16), സ്റ്റീവ് സ്മിത്ത് (ആറു പന്തിൽ അഞ്ച്), സഞ്ജു സാംസൺ (25 പന്തിൽ 26), റോബിൻ ഉത്തപ്പ (15 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ഹൈദരാബാദിനായി റാഷിദ് ഖാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ഖലീൽ അഹമ്മദ് 3.5 ഓവറിൽ 37 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

159 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സീസണിലാദ്യത്തെ മത്സരത്തിന് ഇറങ്ങിയ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഇത്തവണ ജോസ് ബട്‌ലറിനൊപ്പം ഓപണിങ്ങിന് എത്തിയത്. രണ്ടാം ഓവറിൽത്തന്നെ ഖലീൽ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് സ്റ്റോക്സ് പുറത്തായതോടെ പരീക്ഷണം പാളി. ആറു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്താണ് സ്റ്റോക്സ് മടങ്ങിയത്. സ്കോർ 25ൽ എത്തിയപ്പോൾ നായകൻ സ്റ്റീവ് സ്മിത്തും മടങ്ങി. ഇല്ലാത്ത റണ്ണിനോടി സ്മിത്ത് റണ്ണൗട്ടാവുകയായിരുന്നു. സമ്പാദ്യം ആറു പന്തിൽ അഞ്ച് റൺസ്. ഒരു റണ്ണുകൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ജോസ് ബട്‌ലറും പുറത്ത്. 13 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 16 റൺസെടുത്ത ബട്‍ലറിനെ ഖലീൽ അഹമ്മദ് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു സാംസൺ – റോബിൻ ഉത്തപ്പ കൂട്ടുകെട്ട് രാജസ്ഥാന് വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. പതിവിനു വിപരീതമായി നേരിട്ട ആദ്യ ഓവർ മുഴുവനായും പ്രതിരോധിച്ചുനിന്ന സഞ്ജു, ഏഴാം പന്തിലാണ് ആദ്യ റൺ കുറിച്ചത്. ടി. നടരാജന്റെ ആറാം ഓവറാണ് സഞ്ജു മെയ്ഡനാക്കിയത്. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമയ്‍ക്കെതിരെ ഫോറുകളുമായി സഞ്ജു ട്രാക്കിലായി. റാഷിദ് ഖാന്റെ വരവോടെ റൺറേറ്റ് ഇടിഞ്ഞു. ആദ്യം ഉത്തപ്പയെയും പിന്നാലെ സഞ്ജുവിനെയും റാഷിദ് ഖാൻ തന്നെ പുറത്താക്കി. ഉത്തപ്പ 15 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 18 റൺസെടുത്ത് എൽബിയിൽ കുരുങ്ങിയപ്പോൾ, സഞ്ജു 25 പന്തിൽ മൂന്നു ഫോറുകൾ സഹിതം 26 റൺസെടുത്ത് ബെയർസ്റ്റോയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെ അർധ ശതകത്തിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മനീഷ് 44 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 54 റൺസെടുത്തു. ക്യാപ്റ്റൻ ഡേവിഡ് വാർണർ (38 പന്തിൽ 48) മികച്ച പ്രകടനം പുറത്തെടുത്തു. 12 പന്തിൽ രണ്ട് സിക്‌സുകൾ സഹിതം 22 റൺസെടുത്ത് പുറത്താകാതെ നിന്ന കെയ്ൻ വില്ല്യംസനാണ് സ്‌കോർ 150 കടത്തിയത്. രാജസ്ഥാനായി ജോഫ്രെ ആർച്ചർ, കാർത്തിക് ത്യാഗി, ഉനദ്കട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com