'എനിക്ക് മുന്‍പേ വിജയ് ശങ്കറിനെ ബാറ്റിങിന് അയച്ചത് നിരാശപ്പെടുത്തി, രോഹിതിനോട് വല്ലാതെ ദേഷ്യവും തോന്നി'- വെളിപ്പെടുത്തലുമായി കാര്‍ത്തിക്

'എനിക്ക് മുന്‍പേ വിജയ് ശങ്കറിനെ ബാറ്റിങിന് അയച്ചത് നിരാശപ്പെടുത്തി, രോഹിതിനോട് വല്ലാതെ ദേഷ്യവും തോന്നി'- വെളിപ്പെടുത്തലുമായി കാര്‍ത്തിക്
'എനിക്ക് മുന്‍പേ വിജയ് ശങ്കറിനെ ബാറ്റിങിന് അയച്ചത് നിരാശപ്പെടുത്തി, രോഹിതിനോട് വല്ലാതെ ദേഷ്യവും തോന്നി'- വെളിപ്പെടുത്തലുമായി കാര്‍ത്തിക്

ന്യൂഡല്‍ഹി: ഓര്‍മയില്ലേ 2018ലെ നിതാഹാസ് ട്രോഫി ടി20 പോരാട്ടത്തിന്റെ ഫൈനല്‍. കലാശപ്പോരില്‍ അവസാന രണ്ടോവറില്‍ ബംഗ്ലാദേശിനെതിരെ ജയിക്കാന്‍ ഇന്ത്യക്ക് 34 റണ്‍സ് വേണമായിരുന്നു. 133 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ വീണ് ഇന്ത്യ തോല്‍വി മുന്നില്‍ കണ്ട അവസരത്തില്‍ ഉജ്ജ്വലമായ ബാറ്റിങിലൂടെ ദിനേഷ് കാര്‍ത്തിക് ഇന്ത്യക്ക് അവസിസ്മരണീയ വിജയം ഒരുക്കുകയായിരുന്നു. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു ആവശ്യം. സിക്‌സടിച്ചാണ് കാര്‍ത്തിക് ഇന്ത്യക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. എട്ട് പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം കാര്‍ത്തിക് 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കളിയിലെ താരവും കാര്‍ത്തികായിരുന്നു. 

ഇപ്പോഴിതാ ആ സമയത്തുണ്ടായ സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തിക്. സൗരവ് ഘോഷാലിന്റെ ഫിനിഷ് ലൈന്‍ എന്ന പരിപാടിയിലാണ് കാര്‍ത്തിക് മനസ് തുറന്നത്. തനിക്ക് മുന്‍പ് വിജയ് ശങ്കറിനെ ബാറ്റിങിന് ഇറക്കാനുള്ള ക്യാപ്റ്റന്‍ രോഹിതിന്റെ തീരുമാനത്തോട് തനിക്ക് നീരസമുണ്ടായിരുന്നുവെന്ന് കാര്‍ത്തിക് തുറന്നു പറഞ്ഞു. ആ സമയത്ത് തനിക്ക് വല്ലാതെ ദേഷ്യം തോന്നിയതായും കാര്‍ത്തിക് അനുസ്മരിച്ചു. 

'നാലാം വിക്കറ്റ് വീണപ്പോള്‍ ഞാന്‍ ബാറ്റിങിനായി ഇറങ്ങാനൊരുങ്ങി. എന്നാല്‍ രോഹിത് എന്നോട് പറഞ്ഞു അഞ്ചാമനായി വിജയ് ശങ്കര്‍ ബാറ്റിങിന് ഇറങ്ങട്ടെ എന്ന്. അതുകേട്ടപ്പോള്‍ എനിക്ക് നിരാശ തോന്നി. ശരിക്കും ദേഷ്യവും വന്നു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. രോഹിതിന്റെ മനസില്‍ മറ്റൊരു തന്ത്രമുണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ വിജയ് ശങ്കറിന് വഴിമാറിക്കൊടുത്തു. ഒടുവില്‍ ഞാന്‍ ഏഴാമനായാണ് ഇറങ്ങിയത്. ആ സമയത്ത് പന്തും റണ്‍സും തമ്മിലുള്ള അന്തരം കൂടുന്നുമുണ്ടായിരുന്നു'- കാര്‍ത്തിക് പറഞ്ഞു. 

ഇന്ത്യക്ക് 12 പന്തില്‍ 34 റണ്‍സ് വിജയിക്കാന്‍ വേണ്ട സമയത്താണ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. ആ സമയത്ത് എന്തായിരുന്നു മനസില്‍ എന്ന ചോദ്യത്തിന് കാര്‍ത്തികിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. 

'ജീവിതത്തില്‍ പിന്നിലായി പോകുമ്പോള്‍ എന്തെങ്കിലും സവിശേഷതകളുമായി തിരിച്ചുവരാനുള്ള ശ്രമം നടത്തണം. ആ നിമിഷത്തില്‍ എനിക്കൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള സ്വതന്ത്ര്യത്തോടെ കിട്ടിയ അവസരം കൂടിയായിരുന്നു അത്'. 

'ഒരോവറില്‍ പന്ത്രണ്ട് റണ്‍സ്, രണ്ടോവറില്‍ 20 റണ്‍സ് എന്നൊക്കെ ഞാന്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ രണ്ടോവറില്‍ 34 റണ്‍സ് എന്നത് ചിന്തിച്ചിരുന്നില്ല. എന്തൊക്കെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ആ ദിവസം ഞാന്‍ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശുകയായിരുന്നു'- കാര്‍ത്തിക് അനുസ്മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com