സിക്‌സുകളുടെ പൂരവുമായി വീണ്ടും ഡിവില്ല്യേഴ്‌സ്; രാജസ്ഥാനെ വീഴ്ത്തി റോയലായത് ബാംഗ്ലൂര്‍

സിക്‌സുകളുടെ പൂരവുമായി വീണ്ടും ഡിവില്ല്യേഴ്‌സ്; രാജസ്ഥാനെ വീഴ്ത്തി റോയലായത് ബാംഗ്ലൂര്‍
സിക്‌സുകളുടെ പൂരവുമായി വീണ്ടും ഡിവില്ല്യേഴ്‌സ്; രാജസ്ഥാനെ വീഴ്ത്തി റോയലായത് ബാംഗ്ലൂര്‍


ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 178 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി രണ്ട് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത് വിജയ തീരമണഞ്ഞു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് കണ്ടെത്തിയത്. 

22 പന്തില്‍ ആറ് സിക്‌സും ഒരു ഫോറും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എബി ഡിവില്ല്യേഴ്‌സിന്റെ ഉജ്ജ്വല ബാറ്റിങാണ് ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 32 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 43 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 35 റണ്‍സ് കണ്ടെത്തി. ആരോണ്‍ ഫിഞ്ച് 14 റണ്‍സെടുത്തു. ഡിവില്ല്യേഴ്‌സിനൊപ്പം ഗുര്‍കീരത് സിങ് 19 റണ്‍സുമായി പുറത്താകാതെ നിന്നു. 

ബാംഗ്ലൂരിന് വേണ്ടി ഓപണറായ ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ നാലാം ഓവറില്‍ 14 റണ്‍സെടുത്ത ഫിഞ്ചിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കി. പിന്നാലെയെത്തിയത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. കോഹ്‌ലിയും ദേവ്ദത്തും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും സ്‌കോര്‍ 102ല്‍ നില്‍ക്കേ തുടരെ വീണെങ്കിലും പിന്നീട് ഡിവില്ല്യേഴ്‌സ് ഏതാണ്ട് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

57 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും 41 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപണിങ്ങില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപണറായ ജോസ് ബട്ലര്‍ക്ക് പകരം ബെന്‍ സ്റ്റോക്സിനൊപ്പം റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്. കിട്ടിയ അവസരം അദ്ദേഹം നന്നായി ഉപയോഗിച്ചു. ഈ മത്സരത്തിലൂടെ ഐപിഎല്ലില്‍ 4500 റണ്‍സ് തികയ്ക്കാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു.

സ്റ്റോക്സിനെ സാക്ഷിയാക്കി ഉത്തപ്പ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്നു. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ സ്റ്റോക്സിനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. 19 പന്തുകളില്‍ നിന്നു 15 റണ്‍സെടുത്ത സ്റ്റോക്സിനെ ക്രിസ് മോറിസാണ് പുറത്താക്കിയത്. 

പിന്നാലെയെത്തിയ സഞ്ജുവും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. എന്നാല്‍ 22 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്ത ഉത്തപ്പയെ മടക്കി ചഹല്‍ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. തൊട്ടടുത്ത പന്തില്‍ സഞ്ജു സാംസണെയും പുറത്താക്കി ചഹല്‍ രാജസ്ഥാന് ഇരട്ടപ്രഹരമേകി. ആറുപന്തുകളില്‍ നിന്നും ഒന്‍പത് റണ്‍സാണ് സഞ്ജു നേടിയത്. 

ഇരുവരും പുറത്തായതിനുശേഷം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ജോസ് ബട്ലറും ചേര്‍ന്ന് പതിയെ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് 100 കടത്തി. പിന്നാലെ സ്‌കോറിങ്ങിന്റെ വേഗവും കൂട്ടി. എന്നാല്‍ ബട്ലറെ മടക്കി മോറിസ് വീണ്ടും ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി. 25 പന്തില്‍ നിന്നു 24 റണ്‍സാണ് താരമെടുത്തത്. ബട്ലറും സ്മിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ബട്ലര്‍ പുറത്തായതിനുശേഷവും സ്മിത്ത് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. അദ്ദേഹം 30 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറിയും നേടി. അദ്ദേഹത്തിന്റെ 11-ാം ഐപിഎല്‍ അര്‍ധസെഞ്ചുറിയാണ് ഇന്ന് പിറന്നത്. തെവാട്ടിയയും മികച്ച കളിയാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. 35 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സ്മിത്തിനെ അവസാന ഓവറില്‍ ക്രിസ് മോറിസ് പുറത്താക്കി.  19 റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു.

ബാംഗ്ലൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് മോറിസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com