പൊളിച്ചടുക്കി പൊള്ളാർഡ്; പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റൺസ്

പൊളിച്ചടുക്കി പൊള്ളാർഡ്; പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റൺസ്
പൊളിച്ചടുക്കി പൊള്ളാർഡ്; പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റൺസ്

ദുബായ്: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് മുന്നിൽ 177 റൺസ് വിജയ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യൻസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 

അർധ സെഞ്ച്വറി നേടിയ ഓപ്പണർ ക്വിന്റൺ ഡികോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. 43 പന്തുകൾ നേരിട്ട ഡി കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേ ഓവറുകൾക്കുള്ളിൽ രോഹിത് ശർമ (9), സൂര്യകുമാർ യാദവ് (0), ഇഷാൻ കിഷൻ (7) എന്നിവരുടെ വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. 

പിന്നീട് ക്രീസിൽ ഒന്നിച്ച ക്വിന്റൺ ഡി കോക്ക് - ക്രുണാൽ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്‌സിനെ താങ്ങി നിർത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തിൽ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 34 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹാർദി പാണ്ഡ്യയും (8) മടങ്ങി.

തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച കെയ്റോൺ പൊളളാർഡും നഥാൻ കോൾട്ടർ-നെയ്‌ലും ചേർന്നാണ് മുംബൈയെ 176ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 21 പന്തിൽ നിന്ന് 57 റൺസാണ് അടിച്ചെടുത്തത്. പൊള്ളാർഡ് 12 പന്തിൽ നിന്ന് നാല് സിക്‌സറുകളടക്കം 34 റൺസെടുത്തു. കോൾട്ടർ- നെയ്ൽ 12 പന്തിൽ നിന്ന് നാല് ഫോറടക്കം 24 റൺസുമെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com