നാണക്കേടിന്റെ വക്കില്‍ നിന്ന് ചെന്നൈയെ ഒറ്റയ്ക്ക് കൈ പിടിച്ചുയര്‍ത്തി സാം കറന്‍; മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 115 റണ്‍സ്

നാണക്കേടിന്റെ വക്കില്‍ നിന്ന് ചെന്നൈയെ ഒറ്റയ്ക്ക് കൈ പിടിച്ചുയര്‍ത്തി സാം കറന്‍; മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 115 റണ്‍സ്
നാണക്കേടിന്റെ വക്കില്‍ നിന്ന് ചെന്നൈയെ ഒറ്റയ്ക്ക് കൈ പിടിച്ചുയര്‍ത്തി സാം കറന്‍; മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 115 റണ്‍സ്

ഷാര്‍ജ: സാം കറന്റെ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യം ഇതിലും ദയനീയമായേനെ. റണ്ണെടുക്കും മുന്‍പ് തന്നെ വിക്കറ്റ് നഷ്ടപ്പെട്ട് തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 115 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ടോസ് നേടി രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ടീമിനെ നയിച്ച പൊള്ളാര്‍ഡ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് കണ്ടെത്തിയത്. 

റണ്ണെടുക്കും മുന്‍പ് വിക്കറ്റ് നഷ്ടമായ ചെന്നൈയ്ക്ക് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റുകള്‍! 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ വീണത് ഏഴ് വിക്കറ്റുകള്‍. 

ഒരറ്റത്ത് ഉജ്ജ്വലമായി ബാറ്റ് വീശി നിന്ന സാം കറന്റെ മികവും ഒപ്പം ഈ സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹറിന്റെ ചെറുത്തു നില്‍പ്പും ചെന്നൈയെ 100 കടത്താന്‍ സഹായിക്കുകയായിരുന്നു. സാ കറന്‍ 47 പന്തുകള്‍ നേരിട്ട് 52 റണ്‍സെടുത്തു. നാല് ഫോറുകളും രണ്ട് സിക്‌സും അടക്കമാണ് ഇംഗ്ലീഷ് താരത്തിന്റെ കിടയറ്റ ഇന്നിങ്‌സ്. ഐപിഎല്ലിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം കുറിച്ചത്. 20ാം ഓവറിന്റെ അവസാന പന്തില്‍ ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ചാണ് കറന്‍ മടങ്ങിയത്. 

നിര്‍ണായക ഘട്ടത്തില്‍ പത്ത് പന്തില്‍ 13 റണ്‍സുമായി താഹിര്‍ പുറത്താകാതെ നിന്നു. ഇരുവര്‍ക്കും പുറമെ 16 റണ്‍സെടുത്ത ധോനി, 11 റണ്‍സെടുത്ത ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും രണ്ടക്കം കടന്നില്ല. ഇറങ്ങിയ മൂന്ന് പേര്‍ സംപൂജ്യരായി കൂടാരം കയറി.  

തന്റെ ആദ്യ സ്‌പെല്ലിലെ മൂന്നോവറില്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മാരകമായ പന്തുകളാണ് ചെന്നൈയുടെ അടിത്തറ തോണ്ടിയത്. അവസാന ഓവറില്‍ മൂന്ന് ഫോറുകള്‍ വഴങ്ങിയെങ്കിലും കാവ്യ നീതിയെന്നോണം ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റിയ സാം കറനെ ഉജ്ജ്വലമായ യോര്‍ക്കറിലൂടെ വീഴ്ത്തി ബോള്‍ട്ട് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ബോള്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തുടരെ രണ്ട് പന്തുകളില്‍ വിക്കറ്റെടുത്ത് ബുമ്‌റയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചഹറും ബോള്‍ട്ടിനെ പിന്തുണച്ചു. കോള്‍ട്ടര്‍ നെയ്ല്‍ ഒരു വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com