ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു? മത്സര ശേഷമുള്ള നീക്കം ചൂണ്ടി ആരാധകര്‍ 

ഡിസംബറില്‍ ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ധോനി പോയേക്കുമെന്നും സൂചനയുണ്ട്
ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു? മത്സര ശേഷമുള്ള നീക്കം ചൂണ്ടി ആരാധകര്‍ 

ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ തന്റെ ജേഴ്‌സി ഹര്‍ദിക്കിനും ക്രൂനാലിനും നല്‍കി ധോനി. രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം ജോസ് ബട്ട്‌ലര്‍ക്കും ധോനി തന്റെ ജേഴ്‌സി നല്‍കിയിരുന്നു. 

ഐപിഎല്ലില്‍ നിന്നും ഈ സീസണോടെ ധോനി വിരമിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന വിലയിരുത്തലും ഇതോടെ ഉയരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ധോനി ഏവരേയും ഞെട്ടിച്ചിരുന്നു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഓഗസ്റ്റ് 15ലെ ധോനിയുടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവും ആരാധകരെ ഞെട്ടിച്ചു. 

ഐപിഎല്ലില്‍ നിന്നുള്ള പിന്മാറ്റവും സമാനമായ രീതിയിലാവുമെന്നാണ് സൂചന. ഡിസംബറില്‍ ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ധോനി പോയേക്കുമെന്നും സൂചനയുണ്ട്. ഐപിഎല്‍ അവസാനിക്കുന്നതോടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയാല്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ധോനിക്ക് ബിസിസിഐയുടെ അനുമതി ലഭിക്കും. 

ധോനിക്കായി ബിഗ് ബാഷ് ലീഗിലെ ഫ്രാഞ്ചൈസികള്‍ താത്പര്യം പ്രകടിപ്പിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ധോനിക്കൊപ്പം, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരും ബിഗ് ബാഷ് ലീഗ് കളിക്കുമെന്നാണ് സൂചന. എന്നാല്‍ 2021 സീസണിലും ധോനി ടീമിലുണ്ടാവും എന്നാണ് ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. 

സീസണിലെ മോശം പ്രകടനം സിഎസ്‌കെ മാനേജ്‌മെന്റിന്റെ ധോനിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയോ എന്നും അറിയാനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് ശേഷം അടുത്ത സീസണിനായി ഒരുങ്ങുന്നതിനെ കുറിച്ച് ധോനി പറഞ്ഞിരുന്നു. ഇതിലൂടെ അടുത്ത സീസണിലും താനുണ്ടാവും എന്നാണ് ധോനി വ്യക്തമാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com