ഒരു സീസണ്‍ മാത്രമാണ് മോശമായത്, 2021ലും ധോനി ടീമിനെ നയിക്കും: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തോടെ ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന സൂചനയുണ്ടായിരുന്നു
ഒരു സീസണ്‍ മാത്രമാണ് മോശമായത്, 2021ലും ധോനി ടീമിനെ നയിക്കും: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ചെന്നൈ: 2021ലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോനി നയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍. ഈ ഒരു വര്‍ഷം മാത്രമാണ് പ്ലേഓഫീലേക്ക് ക്വാളിഫൈ ചെയ്യാതെ തങ്ങള്‍ പുറത്തായത് എന്നും ചെന്നൈ സിഇഒ ചൂണ്ടിക്കാണിച്ചു. 

പതിമൂന്നാം ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തോടെ ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ചെന്നൈ സിഇഒയുടെ പ്രതികരണം വരുന്നത്. 2021ല്‍ ചെന്നൈ ടീമിനെ ധോനി നയിക്കും എന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി മൂന്ന് കിരീടങ്ങള്‍ ധോനി ജയിച്ചു. പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യാതെ പോയത് ഈ ഒരു വര്‍ഷം മാത്രമാണ്. മറ്റൊരു ടീമിനും അവകാശപ്പെടാന്‍ ഇല്ലാത്ത നേട്ടമാണ് അത്. ഒരു മോശം സീസണ്‍ വന്നു എന്ന് കരുതി എല്ലാം മാറ്റണം എന്ന് കരുതുന്നില്ല, കാശി വിശ്വനാഥന്‍ പറഞ്ഞു. 

ഞങ്ങളുടെ പ്രാപ്തിക്ക് അനുസരിച്ച് ഈ സീസണില്‍ കളിച്ചില്ല. ജയിക്കാമായിരുന്ന കളികള്‍ തോറ്റു. അത് ഞങ്ങളെ പിന്നിലോട്ട് വലിച്ചു. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ പിന്മാറ്റവും, ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ടീം ബാലന്‍സിനെ അസ്വസ്ഥപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടയില്‍ ഐപിഎല്‍ അവസാനിക്കുന്നതോടെ ധോനി ഓസ്‌ട്രേലിയയിലേക്ക് ബിഗ് ബാഷ് ലീഗ് കളിക്കാന്‍ പോവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഡിസംബറിലാണ് ബിഗ് ബാഷ് ലീഗ് സീസണ്‍ ആരംഭിക്കുന്നത്. 

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്തായത്. സീസണില്‍ 12 കളി പിന്നിട്ടപ്പോള്‍ 8 കളിയില്‍ തോല്‍വിയിലേക്ക് വീണ ചെന്നൈ ജയിച്ചത് നാല് കളിയില്‍ മാത്രം. ബാറ്റിങ്ങില്‍ ബാലന്‍സ് കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും, പ്രധാന കളിക്കാരുടെ ഫോം ഇല്ലായ്മയും സീസണില്‍ ചെന്നൈയെ തിരിച്ചടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com