കോവിഡ്‌ പോസിറ്റിവായതാണ്‌ രുതുരാജിന്റെ കഴിവ്‌ തിരിച്ചറിയാന്‍ തടസമായത്‌; തെറ്റ്‌ പറ്റിയതായി ധോനി

തുടരെ രണ്ടാമത്തെ അര്‍ധ ശതകത്തിലേക്ക്‌ ഗയ്‌കവാദ്‌ എത്തിയതിന്‌ പിന്നാലെയാണ്‌ ധോനിയുടെ വാക്കുകള്‍
കോവിഡ്‌ പോസിറ്റിവായതാണ്‌ രുതുരാജിന്റെ കഴിവ്‌ തിരിച്ചറിയാന്‍ തടസമായത്‌; തെറ്റ്‌ പറ്റിയതായി ധോനി


ദുബായ്:‌ രുതുരാജ്‌ ഗയ്‌കവാദിന്റെ കഴിവ്‌ അളക്കുന്നതില്‍ പിഴവ്‌ പറ്റിയതായ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ നായകന്‍ എംഎസ്‌ ധോനി. തുടരെ രണ്ടാമത്തെ അര്‍ധ ശതകത്തിലേക്ക്‌ ഗയ്‌കവാദ്‌ എത്തിയതിന്‌ പിന്നാലെയാണ്‌ ധോനിയുടെ വാക്കുകള്‍.

രുതുരാജിന്റെ മികവ്‌ നെറ്റ്‌സില്‍ കണ്ടിരുന്നു. എന്നാല്‍ കോവിഡ്‌ പോസിറ്റിവായതോടെ 20 ദിവസം രുതുരാജിന്‌ നഷ്ടമായി. നിര്‍ഭാഗ്യം വേട്ടയാടിയെങ്കിലും രുതുരാജ്‌ ഈ സീസണ്‍ ഓര്‍മിക്കും. മികച്ച യുവതാരങ്ങളില്‍ ഒരാളാണ്‌ രുതുരാജ്‌. അധികം സംസാരിക്കുന്ന വ്യക്തിയല്ല രുതുരാജ്‌ എന്നതാണ്‌ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത്‌, ധോനി പറയുന്നു.

ചില സമയം ഒരു കളിക്കാരെ അളക്കുന്നതില്‍ മാനേജ്‌മെന്റിന്‌ പിഴവ്‌ പറ്റിയേക്കാം. ഇന്നിങ്‌സില്‍ മുന്‍പോട്ട്‌ പോവാന്‍ സാധിച്ചാല്‍ അവന്‍ ആഗ്രഹിക്കുന്ന ഇടത്തില്‍ കളിക്കാനാവും. ആദ്യ കളിയില്‍ രുതുരാജിനെ ഞങ്ങള്‍ ഇറക്കിയപ്പോള്‍ അവന്‍ പുറത്തായി. ആ പുറത്താവല്‍ സമ്മര്‍ദത്തിന്റെ ഫലമായാണോ, അതോ അതാണോ അവന്റെ നാച്ചുറല്‍ ഗെയിം എന്ന്‌ മനസിലാക്കാന്‍ സാധിച്ചില്ല. ഒരു പന്ത്‌ മാത്രം കൊണ്ട്‌ നോക്കാനാവില്ലെന്നും ധോനി ചൂണ്ടിക്കാണിച്ചു.

തന്റെ ആദ്യ മൂന്ന്‌ കളികളില്‍ 0,5,0 എന്നതായിരുന്നു രുതുരാജിന്റെ സ്‌കോര്‍. യുവതാരങ്ങളില്‍ പ്രധാനിയായ രുതുരാജും അവസരത്തിനൊത്ത്‌ ഉയരാതിരുന്നതോടെയാണ്‌ യുവതാരങ്ങളില്‍ വേണ്ട തീയില്ലെന്ന പരാമര്‍ശം ധോനിയില്‍ നിന്ന്‌ വന്നത്‌. എന്നാല്‍ ചെന്നൈയുടെ കഴിഞ്ഞ രണ്ട്‌ മത്സരങ്ങളില്‍ 65, 72 എന്നതാണ്‌ രുതുരാജിന്റെ സ്‌കോര്‍. ധോനി ഉള്‍പ്പെടെ എല്ലാവരേയും ഇതിലൂടെ കയ്യിലെടുക്കാനും ചെന്നൈ താരത്തിനായി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com