അലക്ഷ്യമായി ബാറ്റ് വീശി താരങ്ങൾ; തോൽവി ഇരന്നുവാങ്ങി ഓസ്ട്രേലിയ; ഇം​ഗ്ലണ്ടിന്റെ തിരിച്ചുവരവ്

അലക്ഷ്യമായി ബാറ്റ് വീശി താരങ്ങൾ; തോൽവി ഇരന്നുവാങ്ങി ഓസ്ട്രേലിയ; ഇം​ഗ്ലണ്ടിന്റെ തിരിച്ചുവരവ്
അലക്ഷ്യമായി ബാറ്റ് വീശി താരങ്ങൾ; തോൽവി ഇരന്നുവാങ്ങി ഓസ്ട്രേലിയ; ഇം​ഗ്ലണ്ടിന്റെ തിരിച്ചുവരവ്

മാഞ്ചസ്റ്റർ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടം വിജയിച്ച് ഇം​​ഗ്ലണ്ടിന്റെ തിരിച്ചുവരവ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇരു ടീമുകളും ഒപ്പമായി. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ഏകദിനത്തിൽ 24 റൺസിനാണ് ആതിഥേയർ ജയിച്ചത്. നേരത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസിൽ ഒതുക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ ഇംഗ്ലീഷ് ബൗളർമാർ 48.4 ഓവറിൽ 207 റൺസിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സാം കറൻ, ജോഫ്ര ആർച്ചർ, ക്രിസ് വോക്‌സ് എന്നിവരാണ് ഓസീസിനെ തകർത്തത്. ആർച്ചറാണ് കളിയിലെ താരം. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോൾ ഒരുഘട്ടത്തിൽ രണ്ടിന് 144 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. വിജയം ഏറെകുറെ ഉപ്പിച്ചതാണ്. എന്നാൽ രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി ഓസീസ് പൊടുന്നനെ തകർച്ചയിലേക്ക് കൂപ്പുകുത്തി. മധ്യനിര നിരുത്തരവാദിത്വപരമായി ബാറ്റ് വീശിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പിന്നീടെത്തിയവർക്ക് പൊരുതി നിൽക്കാൻ പോലും സാധിച്ചില്ല. 

മുൻനിരയിൽ ഡേവിഡ് വാർണർ (6), മാർകസ് സ്‌റ്റോയിനിസ് (9) എന്നിവർ നിരാശപ്പെടുത്തി. 73 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ടോപ് സ്‌കോറർ. മർനസ് ലബുഷാനെ (48), അലക്‌സ് ക്യാരി (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മിച്ചൽ മാർഷ് (1), ഗ്ലെൻ മാക്‌സ്‌വെൽ (1), പാറ്റ് കമ്മിൻസ് (11), മിച്ചൽ സ്റ്റാർക്ക് (0) ആഡം സാംപ (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകൾ. ജോഷ് ഹേസൽവുഡ് പുറത്താവാതെ നിന്നു.

നേരത്തെ ഇയാൻ മോർഗൻ (42), ജോ റൂട്ട് (39) ആദിൽ റഷീദ് (26 പന്തിൽ 35), ടോം കറൻ (39 പന്തിൽ 37) എന്നിവരുടെ പ്രകടനാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. സ്‌കോർബോർഡിൽ 29 റൺസ് ആയിരിക്കുമ്പോൾ തന്നെ ഇംഗ്ലണ്ടിന് രണ്ട് ഓപണർമാരെ നഷ്ടമായി. ജേസൺ റോയ് (21), ജോണി ബെയർസ്റ്റോ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ജോ റൂട്ട്- മോർഗൻ സഖ്യം കൂട്ടിച്ചേർത്ത 61 റൺസാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ഇരുവരെയും പുറത്താക്കി ആഡം സാംപ ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ജോസ് ബട്ലർ (3), സാം ബില്ലിങ്സ് (8), ക്രിസ് വോക്സ് (26), സാം കറൻ (1) എന്നിവർ തീർത്തും നിരാശപ്പെടുത്തി. എട്ടിന് 149 എന്ന മോശം നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് റഷീദ്- ടോം കറൻ സഖ്യം കൂട്ടിച്ചേർത്ത 76 റൺസാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട് സ്‌കോർ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആർച്ചർ (6) പുറത്താവാതെ നിന്നു. സാംപയ്ക്ക് പുറമെ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോസ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com