മാരകമായി പന്തെറിഞ്ഞ് ദീപക് ചഹര്‍; ചെന്നൈക്ക് ആദ്യ ജയത്തിലേക്ക് വേണ്ടത് 107 റണ്‍സ്

മാരകമായി പന്തെറിഞ്ഞ് ദീപക് ചഹര്‍; ചെന്നൈക്ക് ആദ്യ ജയത്തിലേക്ക് വേണ്ടത് 107 റണ്‍സ്
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ​ദീപക് ച​ഹർ/ ട്വിറ്റർ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ​ദീപക് ച​ഹർ/ ട്വിറ്റർ

മുംബൈ: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 107 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് എടുത്തത്. ടോസ് നേടി ചെന്നൈ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ചെന്നൈ ആദ്യ വിജയം ലക്ഷ്യമിടുമ്പോള്‍ പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം വിജയമാണ് മുന്നില്‍ കാണുന്നത്.

നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപക് ചഹറിന്റെ മാരക ബൗളിങ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മുന്‍നിരക്കാരും കൂറ്റനടിക്കാരുമായ മായങ്ക് അഗര്‍വാള്‍ (പൂജ്യം), ക്രിസ് ഗെയ്ല്‍ (പത്ത്), ദീപക് ഹൂഡ (പത്ത്), നിക്കോളാസ് പൂരന്‍ (പൂജ്യം) എന്നിവരെയാണ് ചഹര്‍ മടക്കിയത്. 

ആറാമനായി ക്രീസിലെത്തിയ ഷാരൂഖ് ഖാന്‍ ഒരറ്റത്ത് നിന്ന് നേടിയ 47 റണ്‍സാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. ടീം മൂന്നക്കം കടക്കുമോ എന്നു പോലും സംശയിച്ചു. ഈ ഘട്ടത്തിലാണ് ഷാരൂഖ് മികച്ച ബാറ്റിങ് പുറത്തെടുത്തത്. താരം 36 പന്തില്‍ 47 റണ്‍സെടുത്തു. രണ്ട് സിക്‌സും നാല് ഫോറും താരം നേടി. 15 റണ്‍സുമായി ജെയ് റിച്ചാര്‍ഡ്‌സ് ഷാരൂങിനെ പിന്തുണച്ചു. മുഹമ്മദ് ഷമി ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു. 

സാം കറന്‍, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ജഡേജ റണ്ണൗട്ടാക്കി. അഞ്ച് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com