ശാർദുലിന് പകരം ഈ  മൂന്നിൽ ഒരാൾ; ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

ശാർദുലിന് പകരം ഈ  മൂന്നിൽ ഒരാൾ; ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. ഒന്നാം ടെസ്റ്റ് മഴയെത്തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞിരുന്നു. വിജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരം ഇന്ത്യയില്‍ നിന്ന് മഴ തട്ടിയെടുക്കുകയായിരുന്നു എന്ന് പറയാം. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് രണ്ടാം ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ പോരാട്ടം സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു പക്ഷവും വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ കാണുന്നില്ല. 

പരിക്കേറ്റ് പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്തായത് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ശാര്‍ദുലിന്റെ അഭാവത്തില്‍ ടീം കോമ്പിനേഷന്‍ കോഹ്‌ലിയ്ക്കും വെല്ലുവിളിയാണ്.

നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം സീമറായാണ് ശര്‍ദുല്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ 13 ഓവര്‍ മാത്രം എറിഞ്ഞ് ശര്‍ദുല്‍ പിന്മാറിയതോടെയാണ് ഫിറ്റ്‌നസിനെ ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നത്. 

വരണ്ട കാലാവസ്ഥയാവും ലോര്‍ഡ്‌സിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ സ്പിന്നിങ് ഓള്‍റൗണ്ടറായി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണോ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണമോ എന്ന ചോദ്യമാണ് ഇന്ത്യക്ക് മുന്‍പില്‍ ഉയരുന്നത്. 

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ റിവേഴ്‌സ് സ്വിങ്ങിനും സീം മൂവ്‌മെന്റ്‌സിനും സാധ്യത കല്‍പ്പിക്കുന്നതിനാല്‍ പേസര്‍മാരില്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കാണുന്നു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇറങ്ങിയ രീതി ഇഷ്ടപ്പെട്ടെന്നാണ് കോഹ്‌ലി പ്രതികരിച്ചത്.

ഇം​ഗ്ലണ്ടിന് അവരുടെ സുപ്രധാന പേസർമാരായ സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ എന്നിവരുടെ സേവനം ലഭിച്ചേക്കില്ല. ബ്രോഡ് കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മാർക്ക് വുഡായിരിക്കും ബ്രോഡിന്റെ പകരക്കാരൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com