കരാര്‍ അവസാനിച്ചു, മെസി ഇന്ന് മുതല്‍ ഫ്രീ ഏജന്റ്; ഇനി എന്ത്?

ബാഴ്‌സലോണ എഫ്‌സിയുമായുള്ള അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു
മെസി/ഫയല്‍ ചിത്രം
മെസി/ഫയല്‍ ചിത്രം

ബാഴ്‌സ: ബാഴ്‌സലോണ എഫ്‌സിയുമായുള്ള അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു. ജൂണ്‍ 30ന് കരാര്‍ കാലാവധി കഴിഞ്ഞതോടെ ഇന്ന് മുതല്‍ മെസി ഫ്രീ ഏജന്റായി.

ജൂണ്‍ 30ന് മുന്‍പ് മെസിയുമായി കരാര്‍ ഒപ്പിടാന്‍ സാധിക്കുമെന്നാണ് ബാഴ്‌സ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്താനായില്ല. വരും ദിവസങ്ങളില്‍ മെസി കരാര്‍ ഒപ്പിടും എന്നാണ് ബാഴ്‌സയുടേയും പ്രതീക്ഷ. എന്നാല്‍ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മെസി എത്തിയത് ക്ലബിനേയും ആരാധകരേയും ആശങ്കപ്പെടുത്തുന്നു. 

2000 മുതല്‍ നെഞ്ചോട് ചേര്‍ത്ത കുപ്പായം പിന്നിലേക്ക് മാറ്റിവെച്ച് തങ്ങളുടെ മിശിഹ ന്യൂകാമ്പ് വിടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ചതോടെ മെസി ഇന്ന് മുതല്‍ ഫ്രീ ഏജന്റായി. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവുമോ ഈ അവസരം മെസി ഉപയോഗിക്കുക? അതോ ഹൃദയം കൊടുത്ത് കളിച്ച ക്ലബിനൊപ്പം തുടരുമോ?

ബാഴ്‌സ പ്രസിഡന്റ് ലപോര്‍തയും മെസിയുടെ പിതാവും തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നിലവിലെ സാമ്പത്തികാവസ്ഥയില്‍ മെസിയുടെ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതയാണ് കരാര്‍ സംബന്ധിച്ച് ധാരണയിലെത്തുന്നതിന് തിരിച്ചടിയാവുന്നത്. 

പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ക്ക് പുറമെ, മികച്ച ടീമിനെ കെട്ടിയുയര്‍ത്താനുള്ള ശ്രമങ്ങള്‍ ബാഴ്‌സയില്‍ നിന്നുണ്ടാവണം എന്ന ഉറപ്പും മെസി ആരായുന്നു. 2020-21 സീസണില്‍ ബാഴ്‌സ കോപ്പ ഡെല്‍ റേ നേടിയിരുന്നു. എന്നാല്‍ ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും പിന്നോട്ട് പോയി. 

നിലവില്‍ മെസിയുടെ കരാര്‍ അവസാനിച്ചതിനാല്‍ ഇനി പുതിയ സൈനിങ് എന്ന നിലയിലാവും ബാഴ്‌സക്ക് ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരിക. ഇതിലൂടെ ലാ ലീഗയുടെ സാമ്പത്തിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് മെസിയെ നിലനിര്‍ത്തണം എന്ന കടമ്പ കൂടി ബാഴ്‌സയ്ക്ക് മുന്‍പിലെത്തുന്നു. 

പ്രതിഫലം വെട്ടിക്കുറച്ചില്ലെങ്കില്‍ 2021-22 സീസണിലേക്കായി മെസിയെ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് കഴിയില്ലെന്ന് ലാ ലീഗ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് മെസിക്ക് വേണ്ടി ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ ബാഴ്‌സയില്‍ തുടരാന്‍ മെസി സമ്മതിച്ചേക്കും എന്ന വിലയിരുത്തലാണ് ശക്തം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com