ടീമിനെ തെരഞ്ഞെടുത്തത് കോഹ് ലിയുടെ സാന്നിധ്യത്തില്‍; പൃഥ്വി ഷായും, ദേവ്ദത്ത് പടിക്കലും ഇംഗ്ലണ്ടിലേക്കില്ല; വഴങ്ങാതെ ബിസിസിഐ

കാര്യങ്ങളില്‍ വ്യക്തത കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാത്തതില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നീ രണ്ട് കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആവശ്യത്തോട് സെലക്ടര്‍മാര്‍ മുഖം തിരിച്ചതായി റിപ്പോര്‍ട്ട്. കാര്യങ്ങളില്‍ വ്യക്തത കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാത്തതില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. 

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ പകരം താരത്തെ വേണം എന്ന ആവശ്യമാണ് ടീം മാനേജ്‌മെന്റ് മുന്‍പോട്ട് വെച്ചത്. ഇതിനൊപ്പം ഇനിയൊരു കളിക്കാരന്‍ കൂടി പരിക്കിലേക്ക് വീഴാനുള്ള സാധ്യത മുന്‍പില്‍ കണ്ട് കവറായി കളിക്കാരനെ അനുവദിക്കണം എന്നും സെലക്ടര്‍മാരോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. 

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ജൂണ്‍ 28നാണ് ടീം മാനേജ്‌മെന്റ് സെലക്ടര്‍മാര്‍ക്ക് കത്തയച്ചത്. നിലവില്‍ റിസര്‍വ് താരമായി അഭിമന്യു ഈശ്വരനാണ് ടീമിനൊപ്പമുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്‍പില്‍ അഭിമന്യുവിനെ നിര്‍ത്താന്‍ ടീം മാനേജ്‌മെന്റിന് ആത്മവിശ്വാസമില്ല. 

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ മറികടന്ന് അഭിമന്യു ഈശ്വരന്‍ ടീമിലേക്ക് എത്തിയതിനേയും ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് പദ്ധതി എന്നതില്‍ ടീം മാനേജ്‌മെന്റിന് വ്യക്തത വേണം എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. 

കോഹ് ലിയുടെ സാന്നിധ്യത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കളിക്കാരെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നതില്‍ ടീം മാനേജ്‌മെന്റിന് വ്യക്തത വേണമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇംഗ്ലണ്ടില്‍ നാല് ഓപ്പണര്‍മാര്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് അത്. അതിന് മുന്‍പ് ഈ ആഡംബരം ഇന്ത്യന്‍ ടീമിന് ലഭിച്ചിരുന്നില്ല. വലിയ ടൂറുകളില്‍ 15 കളിക്കാരെ വെച്ചാണ് അവര്‍ക്ക് കളിക്കേണ്ടിയിരുന്നത്. ഇവിടെ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഒരേ പേജില്‍ വരണമായിരുന്നു. 24 കളിക്കാരെ തെരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി. എന്നാല്‍ ഈ 24 പേരില്‍ അവര്‍ക്ക് ഉറപ്പില്ലെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. സാന്നിധ്യത്തില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com