ബൊളീവിയയെ 4-1ന് തകര്‍ത്ത് അര്‍ജന്റീന, റെക്കോര്‍ഡ് തിരുത്തിയ കളിയില്‍ ഇരട്ട ഗോളുമായി മെസി

അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലായി
ബൊളീവിയയെ 4-1ന് തകര്‍ത്ത് അര്‍ജന്റീന, റെക്കോര്‍ഡ് തിരുത്തിയ കളിയില്‍ ഇരട്ട ഗോളുമായി മെസി

റിയോ: കോപ്പ അമേരിക്കയില്‍ ബൊളിവിയയെ 1-4ന് തകര്‍ത്ത് അര്‍ജന്റീന. ഗ്രൂപ്പ് എയില്‍ നേരത്തെ തന്നെ നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചിരുന്ന അര്‍ജന്റീന മെസിക്ക് വിശ്രമം നല്‍കാതെ ഇറങ്ങിയപ്പോള്‍ രണ്ട് ഗോളുകളാണ് സൂപ്പര്‍ താരത്തില്‍ നിന്ന് വന്നത്. മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള 148ാമത്തെ മത്സരമായിരുന്നു അത്. ഇതിലൂടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലായി. 

ആറാം മിനിറ്റില്‍ തന്നെ ഗോമസിലൂടെ വല കുലുക്കി അര്‍ജന്റീന ബൊളീവിയക്ക് മേല്‍ പ്രഹരമേല്‍പ്പിച്ചു. മെസിയില്‍ പാസില്‍ നിന്നാണ് ഇവിടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നത്. 33ാം മിനിറ്റില്‍ ഗോമസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിക്കുന്നതില്‍ മെസിക്ക് കാലിടറിയില്ല. 

41ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് 3-0 ആയി ഉയര്‍ത്തി. അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്ന് മെസി കളിയിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 60ാം മിനിറ്റില്‍ ബൊളിവിയ ഗോള്‍ വല കുലുക്കിയെങ്കിലും 65ാം മിനിറ്റില്‍ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന 4ാം ഗോള്‍ കണ്ടെത്തി. 

18 ഷോട്ടുകളാണ് കളിയില്‍ അര്‍ജന്റീനയില്‍ നിന്ന് വന്നത്. അതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് 13 ഷോട്ടുകളും. നാല് കളിയില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതായാണ് അര്‍ജന്റീന നോക്കൗട്ടിലേക്ക് കടക്കുന്നത്. 

മറ്റൊരു കളിയില്‍ ഉറുഗ്വേ പാരാഗ്വേയെ 1-0ന് തോല്‍പ്പിച്ചു. 21ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എഡിസന്‍ കവാനിയുടെ ഗോളാണ് ഉറുഗ്വേയെ ജയത്തിലേക്ക് എത്തിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com