'കഴിഞ്ഞ മൂന്നോ നാലോ മാസം അയാൾ എന്തു ചെയ്യുകയായിരുന്നു'- വരുൺ ചക്രവർത്തിക്കെതിരെ മുൻ ഇന്ത്യൻ താരം

'കഴിഞ്ഞ മൂന്നോ നാലോ മാസം അയാൾ എന്തു ചെയ്യുകയായിരുന്നു'- വരുൺ ചക്രവർത്തിക്കെതിരെ മുൻ ഇന്ത്യൻ താരം
വരുൺ ചക്രവർത്തി/ ട്വിറ്റർ
വരുൺ ചക്രവർത്തി/ ട്വിറ്റർ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ നടത്തിയ കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായ സ്പിന്നർ വരുൺ ചക്രവർത്തിക്കെതിരെ മുൻ ഇന്ത്യൻ താരം. യോയോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വരുൺ ടീമിൽ നിന്ന് പുറത്തായത്. വരുണിന്റെ സമീപനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഹേമങ് ബദാനിയാണ് രം​ഗത്തെത്തിയത്. 

'വരുൺ ചക്രവർത്തി കായികക്ഷമതയില്ലാത്തതിനാൽ ടീമിൽ നിന്ന് പുറത്തായി എന്ന വാർത്ത പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്നറിയാം. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് തോളിന് പരിക്കേറ്റ് പുറത്തായ ശേഷം ക്രിക്കറ്റ് കളിക്കാതിരുന്ന കഴിഞ്ഞ മൂന്നോ നാലോ മാസം അയാൾ എന്തു ചെയ്യുകയായിരുന്നുവെന്നാണ്. എല്ലാ കളിക്കാരും കായികക്ഷമതാ പരിശോധനയെക്കുറിച്ച് ബോധവാൻമാരാണ്. അതുകൊണ്ടുതന്നെ വരുൺ ചക്രവർത്തിയും അതിന് തയാറായി ഇരിക്കണമായിരുന്നു'- ബദാനി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി നടത്തിയ മികച്ച പ്രകടനത്തെത്തുടർന്ന് ചക്രവർത്തിയെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തോളിനേറ്റ പരിക്കിനെത്തുടർന്ന് ചക്രവർത്തിയെ അവസാന നിമിഷം ടീമിൽ നിന്നൊഴിവാക്കി.

പരിക്ക് മറച്ചുവെച്ചാണ് ചക്രവർത്തി ടീമിലെത്തിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. ചക്രവർത്തിക്ക് പകരം ടി നടരാജനാണ് പകരം ടീമിലിടം നേടിയത്. നടരജാൻ ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും കളിക്കുകയും തിളങ്ങുകയും ചെയ്തു. ടീമിൽ നിന്ന് പുറത്തായ ചക്രവർത്തി അതിനിടെ വിവാഹിതനായി.

ഇംഗ്ലണ്ടിനെതിരായ ടി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും വീണ്ടും കായികക്ഷമത തെളിയിക്കുന്നതിൽ പരാജയപ്പെട്ടാണ് ചക്രവർത്തി പുറത്തുപോവുന്നത്. ചക്രവർത്തിക്കൊപ്പം ടി നടരാജനും പരിക്കിൻറെ പിടിയിലായത് ഇന്ത്യക്ക് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com