അവസാന 10 ഓവറില്‍ 126 റണ്‍സ്; തകര്‍ത്തടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 337 റണ്‍സ്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 337 റണ്‍സ്
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനമത്സരത്തിനിടെ ചിത്രം ട്വിറ്റര്‍
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനമത്സരത്തിനിടെ ചിത്രം ട്വിറ്റര്‍

പൂനെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 337 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 

അവസാന പത്ത് ഓവറില്‍ ഇന്ത്യ അടിച്ചൂകൂട്ടിയത് 126 റണ്‍സാണ്. 114 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 108 റണ്‍സെടുത്തു. പന്ത് 44 പന്തില്‍ നിന്ന് 77 റണ്‍സ്, കൊഹ് ലി 79 പന്തില്‍നിന്ന് 66 റണ്‍സ്, ഹാര്‍ദിഖ് പാണ്ഡ്യ 16 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ഒമ്പതിലെത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ (4) വിക്കറ്റ് നഷ്ടമായി. റീസ് ടോപ്ലിക്കായിരുന്നു വിക്കറ്റ്. പിന്നാലെ നന്നായി തുടങ്ങിയ രോഹിത്തിനെ സാം കറന്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 37 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ടു പേരെയും നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കൊഹ്‌ലി രാഹുല്‍ സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 

79 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 66 റണ്‍സെടുത്ത  കൊഹ്‌ലിയെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍  ഋഷഭ് പന്ത് സഖ്യം ടീമിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. നാലാം വിക്കറ്റില്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രാഹുല്‍ പുറത്താകുകയായിരുന്നു. 

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് 40 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും മൂന്നു ഫോറുമടക്കം 77 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 336ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാലു സിക്‌സടക്കം 35 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്തിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്‍ഗന് പകരം ഡേവിഡ് മലാന്‍ ടീമിലെത്തി. സാം ബില്ലിങ്‌സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും ഇടംനേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com