കിവി ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; വിജയിക്കാന്‍ വേണ്ടത് 154 റണ്‍സ്

കിവി ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; വിജയിക്കാന്‍ വേണ്ടത് 154 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 154 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല. തുടക്കം മുതല്‍ കത്തിക്കയറിയ കിവി ബാറ്റിങ് നിരയെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചു നിര്‍ത്തുകയായിരുന്നു. 

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കി. ഒരു ഘട്ടത്തില്‍ കിവീസ് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യ ഓവറുകളില്‍ ഇന്ത്യ മത്സരം കൈയിലെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനു വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് നല്‍കിയത്. വെറും 4.1 ഓവറില്‍ ഇരുവരും ആദ്യ വിക്കറ്റില്‍ 48 റണ്‍സെടുത്തു. എന്നാല്‍ തകര്‍ത്തടിച്ച് കളിച്ച ഗപ്റ്റിലിനെ മടക്കി ദീപക് ചാഹര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. 

ചാഹറിന്റെ ഷോര്‍ട്ട് പിച്ച് പന്ത് സിക്സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈയ്യിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ചാഹറിനെ സിക്സ് പറത്തിയ ശേഷം തൊട്ടടുത്ത പന്തില്‍ ഗപ്റ്റില്‍ പുറത്താകുകയായിരുന്നു. 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 31 റണ്‍സെടുത്താണ് ഗപ്റ്റില്‍ ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം മാര്‍ക്ക് ചാപ്മാന്‍ ക്രീസിലെത്തി. 4.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു.

ചാപ്മാനും മിച്ചലും നന്നായി കളിച്ചെങ്കിലും അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ചാപ്മാനെ അക്ഷര്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീണതോടെ കിവീസിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ ഓപ്പണര്‍ മിച്ചലും മടങ്ങി. 28 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത മിച്ചലിനെ ഹര്‍ഷല്‍ പട്ടേല്‍ സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഹര്‍ഷലിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്.  

പിന്നീടെത്തിയ സീഫേര്‍ട്ടിന് അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സെടുത്ത താരത്തെ അശ്വിന്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ ന്യൂസിലന്‍ഡ് 125ന് നാല് എന്ന സ്‌കോറിലേക്ക് വീണു. സീഫേര്‍ട്ടിന് പകരം ഓള്‍റൗണ്ടര്‍ ജെയിംസ് നീഷം ക്രീസിലെത്തി. സീഫേര്‍ട്ടിന് പിന്നാലെ കിവീസിന്റെ പ്രതീക്ഷയായ ഫിലിപ്സും മടങ്ങി. 21 പന്തുകളില്‍ നിന്ന് മൂന്ന് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത ഫിലിപ്സിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. 

അവസാന ഓവറുകളില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. കിവീസിന്റെ വെടിക്കെട്ട് താരമായ നീഷമിനെ വരിഞ്ഞുമുറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 12 പന്തുകളില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത നീഷമിനെ ഭുവനേശ്വര്‍ കുമാര്‍ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. 

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com