ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; കളത്തിൽ അദാനി, ​ഗോയങ്ക, മാഞ്ചസ്റ്റർ യുനൈറ്റഡ്; ഇന്ന് അറിയാം

ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; കളത്തിൽ അദാനി, ​ഗോയങ്ക, മാഞ്ചസ്റ്റർ യുനൈറ്റഡ്; ഇന്ന് അറിയാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎല്ലിലേക്ക് എത്തുന്ന പുതിയ രണ്ട് ടീമുകൾ ഏതെല്ലാമാണെന്ന് ഇന്നറിയാം. പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്കായുള്ള ലേല നടപടികൾ ഇന്ന് അന്തിമ ഘട്ടത്തിലേക്ക് കടക്കും. രണ്ട് ടീമുകൾ വരുന്നതോടെ അടുത്ത സീസണിൽ പത്ത് ടീമുകളായിരിക്കും ഐപിഎല്ലിൽ പോരിനിറങ്ങുക. 

ഓരോ ടീമിനും 7000 മുതൽ 10,000 കോടി രൂപ വരെയാണ് ബിസിസിഐ വരുമാനം പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. ​ഗൗതം അദാനിയുടെ അദാനി ​ഗ്രൂപ്പ്, സഞ്ജീവ് ​ഗോയങ്കയുടെ ആർപിഎസ്ജി ​ഗ്രൂപ്പ്, മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ഉടമകളായ ലാൻസർ ​ഗ്രൂപ്പ് എന്നിവയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ മുന്നിലുള്ളത്. 

ലേലത്തിൽ പങ്കെടുക്കാനായി 22 കമ്പനികൾ അപേക്ഷ വാങ്ങിയിരുന്നെങ്കിലും പ്രധാനപ്പെട്ട അഞ്ച് കമ്പനികളാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്. മൂന്ന് കമ്പനികളടങ്ങിയ കൺസോർഷ്യത്തിനും ലേലത്തിൽ പങ്കെടുക്കാനാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബായ മാഞ്ചെസ്റ്റർ യുനൈറ്റഡിന്റെ ഉടമകളായ ലാൻസർ ഗ്രൂപ്പ് (ഗ്ലേസർ കുടുംബം) ലേലത്തിനായി ഞായറാഴ്ച യുഎഇയിലെത്തിയിട്ടുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായ ടീമിനു വേണ്ടിയാണ് അദാനി ഗ്രൂപ്പ് ശ്രമം നടത്തുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പും ടീമിനായി കളത്തിലുണ്ട്. ലഖ്നൗ ആസ്ഥാനമായ ടീമിനായാണ് ആർപിഎസ്ജി ഗ്രൂപ്പിന്റെ ശ്രമം. ഒരു ടീമിനായി കുറഞ്ഞത് 3500 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com