'ദയവായി നിങ്ങളുടെ കളിക്കാരെ ബഹുമാനിക്കൂ, ജനങ്ങളെ ഒരുമിപ്പിക്കാനാവണം ഈ കളി'; ഷമിക്കു പിന്തുണയുമായി പാക് ഓപ്പണര്‍

'ഷമി ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; ക്രിക്കറ്റ് ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ്, വിഭജിക്കാനല്ല'- പിന്തുണയുമായി പാക് ഓപ്പണർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പാകിസ്ഥാനെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ് വാനും ഷമിയെ പിന്തുണച്ച് നിലപാട് വ്യക്തമാക്കി. ട്വിറ്റർ പോസ്റ്റിലൂടെയാണ് പാക് താരം ഷമിക്ക് പിന്തുണ അറിയിച്ചത്. 

നിരവധി സമ്മർദ്ദങ്ങളെയാണ് താരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ അതിജീവിക്കുന്നതെന്ന് റിസ് വാൻ പറയുന്നു. താരങ്ങളെ ബ​ഹുമാനിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടത്തിൽ പാക് വിജയത്തിൽ നിർണായക സംഭവാന നൽകിയ താരം കൂടിയാണ് റിസ് വാൻ. ഷമി എറിഞ്ഞ 18ാം ഓവറിൽ വഴങ്ങിയ 17 റൺസിൽ ഭൂരിഭാ​ഗവും റിസ് വാന്റെ ബാറ്റിൽ നിന്നാണ് പിറന്നതും. 

'ഒരു കളിക്കാരൻ തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും പോരാട്ടങ്ങളും ത്യാഗങ്ങളും അളവറ്റതാണ്. മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കുക. ക്രിക്കറ്റ് ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ്. അവരെ വിഭജിക്കാനുള്ളതല്ല'- റിസ്വാൻ  ട്വിറ്ററിൽ കുറിച്ചു. 

മത്സരത്തിൽ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഷമിക്കെതിരെയുണ്ടായത്. 

പാകിസ്ഥാനെതിരെ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറിൽ 26 മാത്രമാണ് ഷമി നൽകിയിരുന്നത്. എന്നാൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങി. പാകിസ്ഥാൻ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയിൽ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com