അർധ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതി നിസ്സങ്ക; ലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 143 റൺസ് വിജയ ലക്ഷ്യം 

അർധ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതി നിസ്സങ്ക; ലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 143 റൺസ് വിജയ ലക്ഷ്യം 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നിൽ 143 റൺസ് വിജയ ലക്ഷ്യം വച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ 142 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അർധ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതിയ പാതും നിസ്സങ്കയുടെ ഇന്നിങ്‌സ് കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്. 58 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറു ഫോറുമടക്കം 72 റൺസെടുത്ത നിസ്സങ്ക 19ാം ഓവറിലാണ് മടങ്ങിയത്. 

നട്ടെല്ലൊടിച്ച് ഷംസി, പ്രിട്ടോറിയസ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. നാലാം ഓവറിൽ തന്നെ ആന്റിച്ച് നോർക്യ കുശാൽ പെരേരയെ (7) മടക്കി. ഒമ്പതാം ഓവറിൽ ഫോമിലുള്ള ചരിത് അസലങ്ക റണ്ണൗട്ടായതോടെ ലങ്ക ഞെട്ടി. കഴിഞ്ഞ മത്സരങ്ങളിൽ ലങ്കയുടെ സ്‌കോറിങ്ങിൽ നിർണായകമായത് അസലങ്കയായിരുന്നു. 14 പന്തിൽ നിന്ന് 21 റൺസുമായി മികച്ച സ്‌കോറിലേക്ക് കുതിക്കവെയാണ് അസലങ്ക ദൗർഭാഗ്യകരമായി റണ്ണൗട്ടാകുന്നത്. 

പിന്നാലെയെത്തിയ ഭാനുക രജപക്‌സയെ (0) നിലയുറപ്പിക്കും മുമ്പേ തബ്‌രിസ് ഷംസി മടക്കി. പിന്നാലെ അവിഷ്‌ക ഫെർണാണ്ടോയും (3) ഷംസിക്ക് മുന്നിൽ വീണു. വാനിന്ദു ഹസരംഗ (4), ക്യാപ്റ്റൻ ദസുൻ ഷാനക (11)  എന്നിവരും പരാജയമായി. ചാമിക കരുണരത്‌നെ (5), ദുഷ്മന്ത ചമീര (3), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. കുമാര ഇന്നിങ്‌സിന്റെ അവസാന പന്തിൽ റണ്ണൗട്ടായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്‌രിസ് ഷംസിയും ഡ്വെയ്ൻ പ്രിട്ടോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ഷംസി നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോൾ പ്രിട്ടോറിയസ് മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. ആന്റിച്ച് നോർക്യ രണ്ട് വിക്കറ്റെടുത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com