ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതല്‍ ; ടീം ലൈനപ്പില്‍ മാറ്റത്തിന് സാധ്യത ; പേസര്‍ പ്രസിദ്ധ് കൃഷ്ണയെ മെയിന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി

ഇന്നിംഗ്‌സിനും 76 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി

ലണ്ടന്‍ : ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന് തുടങ്ങും. ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നാണ് മല്‍സരം ആരംഭിക്കുന്നത്. കഴിഞ്ഞ മല്‍സരത്തിലെ കനത്ത തോല്‍വിയുടെ ആഘാതം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

അഞ്ചു മല്‍സര പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ ടെസ്റ്റ് മഴ മൂലം സമനിലയിലായപ്പോള്‍, ലോഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ മുന്നിലെത്തി. എന്നാല്‍ ലീഡ്‌സില്‍ ഇന്ത്യയെ തറപറ്റിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തി. ഇന്നിംഗ്‌സിനും 76 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി. 

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ മെയിന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ കളിപ്പിക്കാതിരുന്ന അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. 

ബാറ്റിങ് നിരയില്‍ രാഹുലിന് പകരം പൃഥ്വി ഷാ, ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരെ എന്നിവരെ കളിപ്പിക്കുന്നതും പരിഗണനയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. പൂജാര കഴിഞ്ഞ ടെസ്റ്റില്‍ 91 റണ്‍സെടുത്തിരുന്നു. 

ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ ക്യാപ്റ്റര്‍ ജോ റൂട്ടിന്റെ ഫോമാണ് ഇംഗ്ലണ്ടിന് ആത്മവിശ്വാസമേകുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആറുവര്‍ഷത്തിന് ശേഷം റൂട്ട് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ജോസ് ബട്ട്‌ലര്‍ക്ക് പകരം ജോണി ബെയര്‍സ്‌റ്റോ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com