ജയ് ഷായുടെ തന്ത്രം, 2 മാസം മുന്‍പേ നീക്കങ്ങള്‍ തുടങ്ങി; ധോനിയെ ബിസിസിഐ തിരിച്ചെത്തിച്ചത് ഇങ്ങനെ

ഇന്ത്യന്‍ ടീമിലേക്കുള്ള ധോനിയുടെ തിരിച്ചു വരവിന്‌ വഴിവെച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ട ടീമില്‍ ഇടം നേടിയ താരങ്ങളേക്കാള്‍ ധോനിയുടെ തിരുച്ചു വരവായിരുന്നു ഹൈലൈറ്റ്. ധോനി 2.0 എന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഈ സമയം ഇന്ത്യന്‍ ടീമിലേക്കുള്ള ധോനിയുടെ തിരിച്ചു വരവിന്‌ വഴിവെച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തില്‍ മെന്ററുടെ റോളില്‍ ധോനിയുണ്ടാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോനിയുടെ സേവനം എന്നും ജയ് ഷാ വ്യക്തമാക്കുന്നു. ധോനിയെ ടീമിന്റെ ഭാഗമാക്കാന്‍ മുന്‍കൈ എടുത്തതും ജയ് ഷാ തന്നെയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ ഇത് സംബന്ധിച്ച് ജയ് ഷാ ധോനിയുമായി സംസാരിച്ചിരുന്നു. തന്റെ റോള്‍ സംബന്ധിച്ച് വ്യക്തത വന്നതോടെ ധോനി സമ്മതം മൂളി. പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുമായും ജയ് ഷാ സംസാരിച്ചു. 

കോഹ് ലിയും രവി ശാസ്ത്രിക്കും പുറമെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭിപ്രായവും ജയ് ഷാ തേടി. മെന്ററായുള്ള ധോനിയുടെ വരവില്‍ സന്തോഷമെന്നായിരുന്നു രവി ശാസ്ത്രി ജയ് ഷായെ അറിയിച്ചത്. പിന്നാലെ ജയ് ഷാ വിഷയം ബിസിസിഐക്ക് മുന്‍പില്‍ വെക്കുകയും ബോര്‍ഡ് തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 

കോഹ് ലിക്ക് കീഴില്‍ ഇതുവരെ ഒരു ഐസിസി കിരീടത്തിലേക്ക് ഇന്ത്യ എത്തിയിട്ടില്ല. മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് ധോനി. ഈ സാഹചര്യത്തില്‍ ധോനിയുടെ ടീമിനുള്ളിലെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com