പെലെയെ പിന്നിലാക്കി, സൗത്ത് അമേരിക്കന്‍ ചരിത്രത്തിലെ ഗോള്‍വേട്ടയില്‍ ഒന്നാമത്; മിശിഹയുടെ ഹാട്രിക് ബലത്തില്‍ കുതിച്ച് അര്‍ജന്റീന

സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് ഇതോടെ മെസി
ബൊളിവിയക്കെതിരായ കളിയില്‍ മെസി/ഫോട്ടോ: ട്വിറ്റര്‍
ബൊളിവിയക്കെതിരായ കളിയില്‍ മെസി/ഫോട്ടോ: ട്വിറ്റര്‍

ബ്യൂണസ് ഐറിസ്: മെസിയുടെ ഹാട്രിക്ക് കരുത്തില്‍ ബൊളിവിയയെ തകര്‍ത്ത് അര്‍ജന്റീന. എതിരില്ലാത്ത മൂന്ന് ഗോളിന് ബൊളിവിയയെ കെട്ടുകെട്ടിച്ചാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരുന്നത്. 

14ാം മിനിറ്റിലാണ് മെസി തന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ബൊളിവിയന്‍ താരം ലുസി ഹക്വിന്നിനെ നട്ട്‌മെഗ് ചെയ്ത് പിഎസ്ജി മുന്നേറ്റ നിര താരം 25 വാര അകലെ നിന്ന് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്ത് എത്തിച്ചു. 

ലൗതാറോ മാര്‍ട്ടിനസുമായി പാസ് കളിച്ചായിരുന്നു 64ാം മിനിറ്റിലെ രണ്ടാമത്തെ ഗോള്‍. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം മുന്‍പിലുള്ളപ്പോഴാണ് മെസിയുടെ ഹാട്രിക് ഗോള്‍ എത്തിയത്. ജോവാക്വിന്‍ കോറിയയുടെ ലോങ് റേഞ്ച് ശ്രമം ബൊളിവിയന്‍ ഗോളി തടുത്തിട്ടപ്പോള്‍ പന്ത് മെസിയുടെ മുന്‍പിലേക്ക്. ആളൊഴിഞ്ഞ് നിന്ന ഗോള്‍പോസ്റ്റിലേക്ക് മെസി നിഷ്പ്രയാസം പന്ത് എത്തിച്ചു. 

ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ എന്ന നേട്ടത്തില്‍ പെലെയെ മെസി ഇവിടെ പിന്നിലാക്കി. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് ഇതോടെ മെസി. അര്‍ജന്റീനക്കായി മെസിയുടെ ഗോള്‍ നേട്ടം 79ലേക്ക് എത്തി. 77 ഗോളുകളാണ് ബ്രസീലിനായി പെലെ നേടിയിരുന്നത്. 

അര്‍ജന്റീനിയന്‍ കുപ്പായത്തിലെ മെസിയുടെ ഏഴാം ഹാട്രിക്കാണ് ഇത്. അര്‍ജന്റീനിയന്‍ കാണികള്‍ക്ക് മുന്‍പിലേക്ക് കോപ്പ അമേരിക്ക കിരീടവും അര്‍ജന്റീനിയന്‍ താരങ്ങള്‍ വെച്ചു. കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷം ആദ്യമായാണ് അര്‍ജന്റീന സ്വന്തം തട്ടകത്തില്‍ കളിക്കുന്നത്. ഇതിന് വേണ്ടിയാണ് താന്‍ ഒരുപാട് കാത്തിരുന്നത് എന്നാണ് മെസി പ്രതികരിച്ചത്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എട്ട് കളികള്‍ പിന്നിടുമ്പോള്‍ ഒരു തോല്‍വി പോലും അറിയാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. അഞ്ച് വട്ടം ജയം തൊട്ടപ്പോള്‍ മൂന്ന് കളി സമനിലയിലായി. എട്ട് കളിയില്‍ നിന്ന് എട്ടും ജയിച്ച് ബ്രസീല്‍ ആണ് പോയിന്റ് ടേബിളില്‍ ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com