ബം​ഗളൂരിനെ തകർത്ത് ചെന്നൈ സൂപ്പർകിങ്സ്; പോയിന്റ് പട്ടികയിൽ ഒന്നാമൻ

ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡു എന്നിവരുടെ മികവാണ് ചെന്നൈയ്ക്ക് ​കരുത്തുപകർന്നത്
ചിത്രം; പിടിഐ
ചിത്രം; പിടിഐ

ബം​ഗളൂർ റോയൽ ചലഞ്ചേഴ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർകിങ്സ്. 157 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ചെന്നൈ 18.1 ഓവറിൽ വിജയം പിടിക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡു എന്നിവരുടെ മികവാണ് ചെന്നൈയ്ക്ക് ​കരുത്തുപകർന്നത്. ഇതോടെ പോയന്റെ പട്ടികയിൽ ചെന്നൈ ആദ്യ സ്ഥാനത്തെത്തി. 

ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് ആദ്യം കളത്തിലിറങ്ങിയത്. വളരെ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. 5.3 ഓവറില്‍ 50 റൺ കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തു. ഈ സീസണില്‍ ഒരു ടീം പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഡുപ്ലെസിയും ഋതുരാജും ചേര്‍ന്ന് നേടിയത്.  26 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്തുനിൽക്കെയാണ് ഋതുരാജിനെ കൊഹ് ലി കാച്ച് ചെയ്യുന്നത്. തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അപകടകാരിയായ ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി. 26 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് താരം നേടിയത്. 

എന്നാല്‍ വന്ന മോയിന്‍ അലിയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് 12 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 118-ല്‍ നില്‍ക്കെ 18 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത മോയിന്‍ അലിയെ വിരാട് കോലിയുടെ കൈയ്യിലെത്തിച്ച് ഹര്‍ഷല്‍ പട്ടേല്‍ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. എന്നാൽ 22 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്ത റായ്ഡു ചെറുത്തുനിന്നു. പിന്നീട് ക്രീസിലൊന്നിച്ചത് റെയ്‌നയും ധോനിയുമാണ്. ആദ്യം റണ്‍സ് കണ്ടെത്താന്‍ ഇരുവരും വിഷമിച്ചെങ്കിലും പതിയേ മത്സരത്തിലേക്ക് വന്ന ഇരുവരും ചേര്‍ന്ന് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. റെയ്‌ന 17 റണ്‍സെടുത്തും ധോനി 11 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ബം​ഗളൂരിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ബം​ഗളൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതാണ് ബം​ഗളൂരിന് മാന്യമായ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറുകളിലെ ചെന്നൈ ബൗളര്‍മാരുടെ പ്രകടനമാണ് വലിയ സ്‌കോറിലേക്ക് പോകുകയായിരുന്ന ബം​ഗളൂരിനെ പിടിച്ചുകെട്ടിയത. ആദ്യ പത്തോവറില്‍ 90 റണ്‍സെടുത്ത ബം​ഗളൂരിന് പിന്നീടുള്ള പത്തോവറില്‍ വെറും 66 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആകെ നേടിയ 156 റണ്‍സില്‍ 123 റണ്‍സും കോലിയും ദേവ്ദത്തും ചേര്‍ന്ന് നേടിയതാണ്. മറ്റ് ബാറ്റ്സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. യുഎഇയില്‍ ബം​ഗളൂരിന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com