ഹാട്രിക്കടിച്ച് ഹർഷൽ, മുംബൈയെ എറിഞ്ഞു വീഴ്ത്തി; കൊഹ് ലി പടയ്ക്ക് മിന്നുംജയം

ഹാട്രിക്ക് നേട്ടം അടക്കം 4 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് മുംബൈയുടെ മൊനയൊടിച്ചത്
ചിത്രം; പിടിഐ
ചിത്രം; പിടിഐ

ദുബായ്; മുംബൈ ഇന്ത്യൻസിനെ 54 റൺസിന് തോൽപ്പിച്ച് ബം​ഗളൂരു റോയൽ ചലഞ്ചേഴ്സ്. ബോളർമാരുടെ മികവിലായിരുന്നു കൊഹ് ലി പട വിജയം സ്വന്തമാക്കിയത്. ഹാട്രിക്ക് നേട്ടം അടക്കം 4 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് മുംബൈയുടെ മൊനയൊടിച്ചത്. ഇതോടെ ബം​ഗളൂർ  12 പോയിന്റോടെ ഐപിഎൽ പട്ടികയിലെ മൂന്നാം സ്ഥാനം നിലനിർത്തി. സ്കോർ– ബാംഗ്ലൂർ 20 ഓവറിൽ 165–6; മുംബൈ 18.1 ഓവറിൽ 111നു പുറത്ത്. 

ഹർഷൽ പട്ടേലിനൊപ്പം 4 ഓവറിൽ ഒരു മെയ്ഡിൻ അടക്കം 11 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹൽ, 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ചേർന്നാണു മുംബൈയെ തകർത്തത്. 3.1 ഓവറിൽ 17 റൺസ് വഴങ്ങിയാണ് ഹർഷൽ 4 വിക്കറ്റുകൾ പിഴുതത്.  

ബാം​ഗ്ലൂർ ഉയർത്തിയ 165 റൺസ് പിന്തുടർന്നു കളിച്ച മുംബൈയുടെ തുടക്കം മികച്ചതായിരുന്ന. രോഹിത് ശർമ– ക്വിന്റൻ ഡികോക് സഖ്യം വർപ്ലേ ഓവറുകളിൽ തകർത്തടിച്ചു. 6.4 ഓവറിൽ സഖ്യം 57 റൺസ് ചേർത്തു. എന്നാൽ 23 പന്തിൽ 4 ഫോറുകൾ അടക്കം 24 റൺസെടുത്ത ഡികോക്കിനെ ചെഹൽ പുറത്താക്കിയതോടെ മുംബൈ തകരുകയായിരുന്നു. അർധ സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് ശർമ ഗ്ലെൻ മാക്സ്‌വെല്ലിന്റെ ബോളിൽ അനാവശ്യ ഷോട്ടിനു മുതിർന്നതോടെ ദേവ്ദത്ത് പടിക്കലിന്റെ കയ്യിലായി. 28 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 43 റൺസെടുത്തു. 

പിന്നീട് വന്ന ഇഷാൻ കിഷൻ (12 പന്തിൽ 9), സൂര്യകുമാർ യാദവ് (9 പന്തിൽ 8), ക്രുനാൽ പണ്ഡ്യ (11 പന്തിൽ 5), ഹാർദിക് പാണ്ഡ്യ (6 പന്തിൽ 3), കീറൺ പൊള്ളാർഡ് (10 പന്തിൽ 7), രാഹുൽ ചാഹർ (1 പന്തിൽ 0 ) എന്നിവർക്കാർക്കും മുംബൈയെ രക്ഷിക്കാനായില്ല. 10.2 ഓവറിൽ 81–2 എന്ന സ്കോറിലായിരുന്ന മുംബൈ അവസാന 8 വിക്കറ്റുകൾ വെറും 20 റൺസിനിടെയാണു നഷ്ടമാക്കിയത്. 

ഗ്ലെൻ മാക്സ്‌വെൽ (37 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 56), ക്യാപ്റ്റൻ വിരാട് കോലി (42 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 51) എന്നിവരാണു ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര 4 ഓവറിൽ 36 റൺസിനു 3 വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ആദം മിൽനെ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com