പതിവ് തെറ്റിക്കാതെ മുംബൈ; ഒൻപതാം സീസണിലും ആദ്യ മത്സരം തോറ്റു! ഡിവില്ല്യേഴ്സ് കരുത്തിൽ വിജയം പിടിച്ച് ആർസിബി

പതിവ് തെറ്റിക്കാതെ മുംബൈ; ഒൻപതാം സീസണിലും ആദ്യ മത്സരം തോറ്റു! ഡിവില്ല്യേഴ്സ് കരുത്തിൽ വിജയം പിടിച്ച് ആർസിബി
ആർസിബി താരം ഡിവില്ല്യേഴ്സിന്റെ ബാറ്റിങ്/ ട്വിറ്റർ
ആർസിബി താരം ഡിവില്ല്യേഴ്സിന്റെ ബാറ്റിങ്/ ട്വിറ്റർ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് തോൽവി. തുടർച്ചയായ ഒൻപതാം സീസണിലും ആദ്യ മത്സരം തോൽക്കുകയെന്ന പതിവ് മുംബൈ തെറ്റിച്ചില്ല. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ രണ്ട് വിക്കറ്റിനാണ് മുംബൈയെ കീഴടക്കിയത്.  

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ബാം​ഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുത്തു. അവസാന ഓവറിലെ അവസാന പന്തിലാണ് ബാം​ഗ്ലൂർ വിജയം പിടിച്ചത്. ഏഴ് റൺസായിരുന്നു 20ാം ഓവർ തുടങ്ങുമ്പോൾ ആർസിബിയുടെ വിജയ ലക്ഷ്യം. 

ഡിവില്ലിയേഴ്സ് (27 പന്തുകളിൽ 48), വിരാട് കോഹ്‌ലി (33), ഗ്ലെൻ മാക്സ്‌വെൽ (28 പന്തുകളിൽ 39) എന്നിവരുടെ ഇന്നിങ്സുകളാണു ബാംഗ്ലൂരിനെ തുണച്ചത്. അഞ്ച് വിക്കറ്റെടുത്തു ബൗളിങ്ങിൽ തിളങ്ങിയ ഹർഷൽ പട്ടേൽ അവസാന പന്തിൽ സിംഗി‍ൾ നേടി ടീമിന്റെ വിജയ നായകനായി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കു ബ്രേക്കിട്ടത് ബാംഗ്ലൂരിന്റെ മീഡിയം പേസർ ഹർഷലാണ്. നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹർഷലിന്റെ മികവിൽ മുംബൈ 20 ഓവറിൽ 159ൽ ഒതുങ്ങി. ആദ്യ 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിലെത്തിയ മുംബൈയെ ഡെത്ത് ഓവറുകളിൽ ബാംഗ്ലൂർ പിടിച്ചു. അവസാന നാല് ഓവറുകളിൽ നേടാനായത് 25 റൺസ് മാത്രം. നഷ്ടപ്പെട്ടത് അഞ്ച് വിക്കറ്റും.

ഹർഷൽ എറിഞ്ഞ 20–ാം ഓവറിൽ മുംബൈയ്ക്കു നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആദ്യ പന്തിൽ  ക്രുണാൽ പാണ്ഡ്യ പുറത്ത്. രണ്ടാം പന്തിൽ കെയ്റോൺ പൊള്ളാർഡിനെ വാഷിങ്ടൻ സുന്ദർ കൈയിലൊതുക്കി. ഹാട്രിക് നഷ്ടപ്പെട്ടെങ്കിലും നാലാം പന്തിൽ സ്‌ലോ യോർക്കറിൽ മാർക്കോ ജാൻസൻ ക്ലീൻ ബോൾഡ്. അവസാന പന്തിൽ രാഹുൽ ചാഹർ റണ്ണൗട്ട്. മുംബൈ അവസാന ഓവറിൽ നേടിയത് ഒരൊറ്റ റൺസ്. 

ഓപ്പണർ ക്രിസ് ലിൻ (35 പന്തുകളിൽ 49), സൂര്യകുമാർ യാദവ് (23 പന്തുകളിൽ 31), ഇഷാൻ കിഷൻ (19 പന്തുകളിൽ 28) എന്നിവരുടെ ഇന്നിങ്സുകളാണു മുംബൈ ഇന്നിങ്സിനു ജീവനേകിയത്. ഹർഷൽ പട്ടേലാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com